മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ്

രാജസ്ഥാനിൽ മൂന്ന് സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂര്‍ ജില്ലയില്‍ ഡുഡു നഗരത്തിലാണ് സംഭവം. സഹോദരിമാരായ കലു (25), മംമ്ത(23), കമലേഷ് (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. കലുവിന്റെ മക്കളാണ് മരിച്ച രണ്ട് കുട്ടികള്‍. ഇതില്‍ ഒരാള്‍ക്ക് നാല് വയസും മറ്റൊരാള്‍ക്ക് 27 ദിവസും മാത്രമാണ് പ്രായം. മരിച്ച മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു.
അഞ്ചുപേരേയും മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. ഒരേ കുടുംബത്തില്‍നിന്നുള്ള മൂന്ന് സഹോദരങ്ങളെയാണ് ഇവര്‍ വിവാഹം കഴിച്ചിരുന്നത്. ബുധനാഴ്ച ഭര്‍തൃവീട്ടുകാരുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് സഹോദരിമാരെ കാണാതായത്. മൂന്ന് സഹോദരിമാരും താമസിക്കുന്ന വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
15 ദിവസം മുമ്പ് ഭര്‍തൃമാതാവിന്റെ മര്‍ദനത്തില്‍ കലുവിന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും തര്‍ക്കമുണ്ടായി സഹോദരിരമാരെ കാണാതായത്.
Read Also: പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മക്കളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിച്ച പെണ്‍കുട്ടികളുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ മൂന്ന് പേരുടെയും ഭര്‍ത്താക്കന്‍മാര്‍ക്കെതിരേയും ഭര്‍തൃമാതാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും മൂന്നുപേരും കടുത്ത ഗാര്‍ഹിക പീഡനം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights: Three sisters and their kids found dead in well, family alleges dowry death-Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here