വനിതാ ടി-20 ചലഞ്ച്; ഫൈനലിൽ സൂപ്പർനോവാസ് ഇന്ന് വെലോസിറ്റിയെ നേരിടും

വനിതാ ടി-20 ചലഞ്ച് ഫൈനലിൽ സൂപ്പർനോവാസ് ഇന്ന് വെലോസിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വെലോസിറ്റി ഏഴ് വിക്കറ്റിനു വിജയിച്ചിരുന്നു.
കടലാസിൽ കരുത്തരാണ് വെലോസിറ്റി. ഷഫാലി വർമ, യസ്തിക ഭാട്ടിയ, കിരൺ നവ്‌ഗിരെ, ലോറ വോൾവാർട്ട് എന്ന് തുടങ്ങുന്ന ബാറ്റിംഗ് നിരയും കേറ്റ് ക്രോസ്, രാധ യാദവ്, സിമ്രാൻ ബഹാദൂർ എന്ന് നീളുന്ന ബൗളിംഗ് നിരയും വെലോസിറ്റിയിലുണ്ട്. ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നീ ഓൾറൗണ്ടർമാർ കൂടി ചേരുമ്പോൾ വെലോസിറ്റി വളരെ മികച്ച ടീമാവുന്നു. ഷഫാലിയും നവ്‌ഗിരെയുമാവും ഏറെ അപകടകാരികൾ. രണ്ട് മത്സരങ്ങളിൽ ഷഫാലി ഒരു ഫിഫ്റ്റി നേടിയപ്പോൾ ആകെ കളിച്ച ഒരു കളിയിൽ 25 പന്തുകളിൽ ഫിഫ്റ്റി നേടിയ നവ്‌ഗിരെയും തിളങ്ങി.
സൂപ്പർനോവാസിൽ പ്രിയ പുനിയ, ഹർലീൻ ഡിയോൾ, ദിയേന്ദ്ര ഡോട്ടിൻ, ഹർമൻപ്രീത് കൗർ തുടങ്ങി മികച്ച ബാറ്റർമാരും സോഫി എക്ലസ്റ്റൺ, അലന കിംഗ്, മേഘ്ന സിംഗ് എന്നീ മികച്ച ബൗളർമാരും ടീമിൽ അണിനിരക്കുന്നു. എന്നാൽ, വെലോസിറ്റിയുടെ കരുത്ത് പരിഗണിക്കുമ്പോൾ സൂപ്പർനോവാസ് അല്പം പിന്നിലാണ്. ദിയേന്ദ്ര ഡോട്ടിൻ, ഹർമൻപ്രീത് എന്നിവരിലാവും അവരുടെ പ്രതീക്ഷ.
Story Highlights: womens t20 challenge final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here