വളർത്തുനായ കടിച്ചത് മൂന്ന് മാസം മുമ്പ്, പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ല; ഒമ്പതുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു

വീട്ടിലെ വളർത്തുനായയിൽ നിന്ന് മൂന്നു മാസം മുമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. 2022 മാർച്ചിലാണ് കുട്ടിയെ നായ കടിച്ചത്. ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സംഭവം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും കുട്ടി പേടിമൂലം ആശുപത്രിയിൽ പോവുകയോ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയോ ചെയ്തിരുന്നില്ല. അസുഖം കൂടിയതിനെ തുടർന്നാണ് കുട്ടിയെ ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഫൈസൽ. ശനിയാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
Read Also: വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി
മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ ഫൈസൽ മാതാവിന്റെ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെ പോരുവഴിയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വെച്ച ശേഷം പിതാവിന്റെ സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട് എത്തിച്ച് സംസ്കരിച്ചു. ഫൈസലിന്‍റെ മുത്തച്ഛനും മുത്തശ്ശിക്കും നായയുടെ കടിയേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില മോശമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights: Nine year old boy dies due to rabies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here