ഇപ്പോൾ മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് തന്നെ പിടിക്കാനാവില്ല; പി സി ജോർജ്

പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പിസി ജോർജിന്റെ പരിഹാസം. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോൾ മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിനെ എന്നെ പിടിക്കാനാവില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം. ഞാൻ സത്യങ്ങൾ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. ഞാൻ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തിൽ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണം. ഞാൻ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീർത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം.
Read Also: പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയം, എനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; പി സി ജോർജ്
ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോൾ മുളച്ചുപൊങ്ങിയ ചെറു പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ ക്രിസ്ത്യൻ വീടുകളിൽ ആന്റണി രാജുവും ഈഴവവീടുകളിൽ മണിയാശാനും മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജോതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നത്.
20 ദിവസമായി വിഡി സതീശൻ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ. 1959ൽ ഇഎംഎസിന്റെ സർക്കാർ അങ്കമാലിയിൽ 7 ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. കമ്മ്യൂണിസ്റ്റുകാരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഇപ്പോൾ തല തിരിഞ്ഞ അവസ്ഥയിലാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരിക്കാനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതെന്നും അത് അനുസരിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: PC George against Chief Minister Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here