കോണ്‍ഗ്രസ് നേതാവ് സിദ്ദു മൂസെവാലയുടെ കൊലപാതകം; പഞ്ചാബ് സര്‍ക്കാരിനെതിരെ കുടുംബം

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ സിദ്ദുവിന്റെ മാതാവ്. മകന്റെ മരണവിവരം അറിഞ്ഞതോടെ ഇവര്‍ കുഴഞ്ഞുവീണിരുന്നു. സിദ്ദുവിന്റെ കൊലപാതകികളെ സര്‍ക്കാര്‍ ണ്ടെത്തണമെന്നും മകന് നീതി കിട്ടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സിദ്ദുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ പറഞ്ഞു. സംഘര്‍ഷത്തിലേക്ക് കടക്കരുതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും മന്‍ ട്വീറ്റ് ചെയ്തു. സംയമനം പാലിക്കണമെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും അഭ്യര്‍ത്ഥിച്ചു.
അതേസമയം മരണത്തിന് ഉത്തരവാദികള്‍ എഎപിയാണെന്ന് ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തതായാണ് വിവരം. ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത അനുയായിയായ ഗോള്‍ഡി ബ്രാറിയാണ് സിദ്ദു മൂസെവാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read Also: കോണ്‍ഗ്രസ് നേതാവ് സിദ്ദു മൂസെവാലയെ വെടിവച്ച് കൊലപ്പെടുത്തി
അടുത്തിടെ മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസെവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമണത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസെവാലക്കെതിരെ നിരവധി കേസുകളുണ്ട്.
Story Highlights: Sidhu Moose Wala’s mother blames Punjab govT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here