ഹാർദ്ദിക് പാണ്ഡ്യ; ക്യാപ്റ്റൻ ഫന്റാസ്റ്റിക്

ഇക്കഴിഞ്ഞ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണ്? ക്രിക്കറ്റ് പണ്ഡിറ്റുകൾ ഒന്നടങ്കം വിരൽ ചൂണ്ടുന്നത് ഹാർദ്ദിക് പാണ്ഡ്യയിലേക്കാണ്. അരങ്ങേറ്റ സീസണിൽ തന്നെ ടീമിനെ ചാമ്പ്യന്മാരാക്കി എന്നത് മാത്രമല്ല, ഒരു ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക് കളത്തിലെടുത്ത തീരുമാനങ്ങൾ അതിഗംഭീരമായിരുന്നു. (hardik pandya best captain)
ലേലത്തിനു മുൻപ് റാഷിദും ഹാർദ്ദിക്കും ഗില്ലും ടീമിലെത്തുമ്പോൾ നൽകിയ പ്രതീക്ഷ ലേലത്തിലും അവർ കാത്തുസൂക്ഷിച്ചു. എല്ലാവരും പറയുന്നതുപോലെ ബാലൻസ്ഡ് ആയ ഇലവനല്ല എന്നത് ലേലം കഴിയുമ്പോൾ ലേഖകനു തോന്നിയില്ല. ചില മികച്ച താരങ്ങളെ അവർ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ബൗളിംഗ് യൂണിറ്റ് തന്നെയായിരുന്നു കൂടുതൽ ശക്തം. എന്നാൽ, രാഹുൽ തെവാട്ടിയ എന്ന വീക്ക് ലിങ്ക് മാറ്റിനിർത്തിയാൽ ഗുജറാത്തിൻ്റെ ബാറ്റിംഗും ഭേദപ്പെട്ടത് തന്നെയായിരുന്നു. തെവാട്ടിയ വീക്ക് ലിങ്ക് അല്ലെന്ന് തെളിയിച്ചു എന്നത് മറ്റൊരു കാര്യം.
Read Also: ഐ.പി.എല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്
ഫൈനലിലേക്ക് വരാം. ടോസ് നേടി സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോൾ ഹാർദ്ദിക് പറഞ്ഞത് ടോസ് നേടിയാൽ തങ്ങൾ പന്തെറിയുമായിരുന്നു എന്നാണ്. അതെന്തുകൊണ്ടെന്ന് പിന്നീട് കണ്ടു. യശസ്വി ജയ്സ്വാളിൻ്റെ വിക്കറ്റെടുത്ത ഫീൽഡിംഗ് തന്ത്രമാണ് ഹാർദ്ദിക് എന്ന ക്യാപ്റ്റനിലെ ആദ്യ പ്ലസ് പോയിൻ്റ്. ആദ്യ നാലോവറിൽ അധികം റൺസുകൾ പിറക്കാതായപ്പോൾ പവർ പ്ലേ കൂടുതലായി ഉപയോഗിക്കാൻ ബട്‌ലർ ശ്രമിക്കുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട. എന്നാൽ, അതിനെ കൗണ്ടർ ചെയ്യാൻ തൻ്റെ തുറുപ്പുചീട്ടായ റാഷിദ് ഖാനെ അഞ്ചാം ഓവറിൽ നിയോഗിക്കാൻ കൂർമബുദ്ധി വേണം. അത് അടുത്ത പോയിൻ്റ്. റൺസ് വരണ്ട ഓവറുകളിൽ കൂടുതൽ ക്ഷമ കാണിക്കാൻ സഞ്ജുവിനു കഴിയില്ലെന്ന് മനസ്സിലാക്കിയ ഹാർദ്ദിക് സ്വയം പന്തെറിഞ്ഞ് വിക്കറ്റെടുത്തു. മാജിക്കൊന്നുമില്ല. ഒരു ഹാർഡ് ലെംഗ്തിൽ കൃത്യതയോടെ ഒരൊറ്റ പന്ത്. പന്തിൻ്റെ ഗതിയ്ക്ക് വിപരീതമായി കളിച്ച സഞ്ജു പുറത്ത്. പിന്നീട് പുതിയ ബാറ്റർമാർ എത്തുന്നതിനനുസരിച്ച് കൃത്യമായ ബൗളിംഗ് ചേഞ്ചുകൾ, ഫീൽഡ് പ്ലേസ്മെൻ്റുകൾ. ബാറ്റർമാർ ആർ സായ് കിഷോറിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി താരത്തിനെ ഹാർദ്ദിക് അവതരിപ്പിക്കുന്നത് 16ആം ഓവറിലാണ്.
ക്യാപ്റ്റൻ എന്ന നിലയിലും പ്ലയർ എന്ന നിലയിലും ഹാർദ്ദിക് ഗുജറാത്തിനെ മുന്നിൽ നിന്ന് നയിച്ചു. ഫൈനലിൽ 4 ഓവർ എറിഞ്ഞ് വെറും 17 റൺസ് വഴങ്ങി ബട്‌ലർ, സഞ്ജു, ഹെട്‌മെയർ – രാജസ്ഥാനു വേണ്ടി സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങൾ – എന്നിവരെ പുറത്താക്കിയ ഹാർദ്ദിക് ബാറ്റുകൊണ്ട് 30 പന്തിൽ 34 റൺസെടുക്കുകയും ചെയ്തു.
രോഹിത് ശർമ്മയ്ക്ക് ശേഷം ആര് ഇന്ത്യയുടെ ടി-20 നായകൻ എന്ന ചോദ്യത്തിനുത്തരം തേടിക്കൊണ്ടിരിക്കുകയാണ് ബിസിസിഐ. രാഹുൽ, പന്ത് എന്നിങ്ങനെ പല ചോയ്സുകൾ ഉണ്ടെങ്കിലും ഇപ്പോൾ പുതിയ ഒരു പേര് കൂടി അവരുടെ പരിഗണനയിലുണ്ടാവും, ഹാർദ്ദിക് പാണ്ഡ്യ! മുംബൈ ഇന്ത്യൻസ് സീസണിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഹാർദ്ദിക്കിനെയാണെങ്കിലും താരം ഇത്തവണ ഗുജറാത്തിലായതിനാൽ നേട്ടം ഇന്ത്യക്കാണ്. ഒരു പൊട്ടൻഷ്യൽ ക്യാപ്റ്റനെയാണ് ഇതിലൂടെ ടീം ഇന്ത്യക്ക് ലഭിച്ചത്.
Story Highlights: hardik pandya best captain ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here