ഡയറ്റിനിടെ ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ?; ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ

വണ്ണം കുറയ്ക്കാന്‍ പറ്റിയ ഡയറ്റ് കണ്ടുപിടിച്ച് അതിലേക്ക് കടന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ തന്നെ അത് വഴിമുട്ടുന്നത് പലരുടേയും അനുഭവമാണ്. ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കാന്‍ സാധിക്കാതെ പോകുന്നതാകും പ്രധാന കാരണം. ഇതാരുടേയും കുറ്റം കൊണ്ടല്ല സംഭവിക്കുന്നത്. ഡയറ്റിനിടെ ഭക്ഷണത്തോട് കൊതി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില കുഞ്ഞുപൊടിക്കൈകള്‍ ഉപയോഗിച്ച് ഒരു പരിധിവരെ ഡയറ്റ്കാലത്തെ കൊതിയെ പിടിച്ചുനിര്‍ത്താം.
- ഒരിക്കലും വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒരുപാട് കുറയ്ക്കരുത്. ഭക്ഷണം തീരെക്കഴിക്കാതിരിക്കുന്നത് കൊതി കൂട്ടുകയും ഡയറ്റ് പാതിവഴിയില്‍ നിന്ന് പോകുകയും ചെയ്യാനിടയുണ്ട്. അതിനാല്‍ ഭക്ഷണത്തിന്റെ അളവ് പടിപടിയായി കുറച്ച് കൊണ്ടുവരികയാണ് വേണ്ടത്.
- ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അത് ഒഴിവാക്കുന്നത് ആ ദിവസത്തെ ഭക്ഷണശീലത്തെയാകെ താളം തെറ്റിക്കും. രാവിലെ ഹെല്‍ത്തിയായ പ്രഭാത ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി ഒരു പരിധിവരെ കുറയ്ക്കും.
- ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക
കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അതോടൊപ്പം തന്നെ അനാവശ്യ കൊതി നിയന്ത്രിക്കാനും സഹായിക്കുന്നു.
- ധാരാളം വെള്ളം കുടിക്കുക
ഡീഹൈഡ്രേഷന്‍ സംഭവിക്കുമ്പോള്‍ ഭക്ഷണത്തോട് വല്ലാത്ത കൊതി തോന്നാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നന്നായി വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനം ശരിയായി നടക്കുകയും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയുകയും ചെയ്യുന്നു.
- നന്നായി ഉറങ്ങുക
കുറഞ്ഞത് 6 മുതല്‍ 7 മണിക്കൂര്‍ വരെ ഉറങ്ങുന്നത് വിശപ്പും ഭക്ഷണത്തോടുള്ള കൊതിയും നിയന്ത്രിക്കാന്‍ വളരെ അത്യാവശ്യമാണ്. നല്ല ഉറക്കം മനസിനും ശരീരത്തിനും ഉന്മേഷം പകരുന്നു. നേരത്തെ കിടക്കുന്നത് അര്‍ദ്ധരാത്രിയിലെ തീര്‍ത്തും അനാരോഗ്യകരമായ ഭക്ഷണശീലത്തില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Story Highlights:tips to control food cravings during diet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here