അക്ഷരമാല പഠനം പുനഃസ്ഥാപിക്കണം; ഭാഷാ സ്നേഹികൾ നാളെ വിദ്യാഭ്യാസ മന്ത്രിയെ കാണും

അക്ഷരമാല പഠനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ നേതാക്കൾ രാവിലെ 8 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കാണും. ജൂൺ ഒന്ന് മുതൽ തന്നെ ഒന്നാം ക്ലാസ്സ് മുതലുള്ള മലയാളം അക്ഷരമാല പഠനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി മന്ത്രിയെ നേരിൽ കാണുന്നത്.
പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തുറന്ന കത്ത് മന്ത്രിക്ക് കൈമാറും. തുടർന്ന്, 11 മണിക്ക് അക്ഷരമാല പഠന സമരം സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കും. മലയാള ഭാഷാ സ്നേഹികളും വിദ്യാഭ്യാസ സ്നേഹികളും സമരത്തിൽ പങ്ക് ചേരും. ഒപ്പം, ചിത്രകാരൻമാർ അക്ഷര ചിത്രങ്ങൾ വരയ്ക്കും. ബ്ലാക്ക് ബോർഡിൽ മലയാള അക്ഷരങ്ങൾ എഴുതിയാണ് സമരം.
Read Also: അറിയാമോ മലയാളം അക്ഷരമാല എഴുതാൻ
അക്ഷര വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന കവിതകൾ ആലപിക്കും. സ്കൂൾ തുറക്കുന്ന ജൂൺ 1 അക്ഷരവിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന നേതാക്കളായ പ്രൊഫ ജോർജ് ജോസഫ്, എം ഷാജർഖാൻ ഇ എൻ ശാന്തിരാജ് എന്നിവർ അറിയിച്ചു.
Story Highlights: malayalam Alphabet learning must be restored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here