നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുല്‍ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം. കേസില്‍ ഈ മാസം 8ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രസ്താവിച്ചിരിക്കുന്നത്. (National Herald Case: Rahul Gandhi will not appear before ED today)
കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ല്‍ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേതാക്കള്‍ക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് കേസില്‍ 2015ല്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.
Story Highlights: National Herald Case: Rahul Gandhi will not appear before ED today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here