പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം; നേരിട്ടിടപെടാന്‍ വിദേശകാര്യമന്ത്രി

പ്രവാചകനെതിരായ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വിദേശകാര്യ മന്ത്രി നേരിട്ടിടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യക്കെതിരായ പ്രതിഷേധ പ്രമേയം മാലിദ്വീപ് പാര്‍ലമെന്റില്‍ പാസായില്ല.(india with conciliatory move in remarks against Prophet)
നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് യുഎഇ പ്രസ്താവിച്ചു. മതചിഹ്നങ്ങള്‍ ബഹുമാനിക്കപ്പെടുകയും ആക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗവും ആക്രമണങ്ങളും തടയണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.
സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ശക്തിപ്പെടേണ്ടതുണ്ടെന്നും യുഎഇ ഓര്‍മിപ്പിച്ചു. നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.
Read Also: പ്രവാചകനെതിരായ അപകീർത്തി പരാമർശം; കുവൈറ്റ് സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പടിക്കുപുറത്ത്
അറബ് ലോകത്ത് പ്രതിഷേധം പുകയുന്നതിനിടെ കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചു. അല്‍അര്‍ദിയ കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറില്‍ നിന്നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്‌കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: india with conciliatory move in remarks against Prophet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here