സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കരിദിനാചരണം ഇന്ന്

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കളക്ടേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തും.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കെടുണ്ടെന്നാണ് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Read Also: ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: മറുപടിയുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിലിനെ തുടർന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിരിയാണി ചെമ്പുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ, പിണറായി വിജയൻ്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
സ്വപ്ന സുരേഷന്റെ ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Story Highlights: swapna Suresh’s revelation about gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here