കറിയില്‍ ഒരു മുടി കിട്ടിയാല്‍ മതി, എല്ലാം വൃഥാവിലാകാന്‍; എസ്. ശാരദക്കുട്ടി എഴുതുന്നു

ചോറിലെ മുടി കുറച്ചുദിവസങ്ങളായി ഗുരുതര പ്രശ്‌നമാണ്. വാര്‍ത്തകളിലടക്കം വന്ന ചോറിനെയും മുടിയെയും കുറിച്ചുള്ള കുറിപ്പുകള്‍ പുനര്‍ചിന്തകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. മുടി എന്ന ‘ പെണ്ണുണ്ടാക്കുന്ന പ്രശ്‌നവും’ അതൊരു പ്രശ്‌നമല്ലെന്ന തിരിച്ചറിവില്‍ മാറിച്ചിന്തിച്ചുതുടങ്ങിയ അനുഭവങ്ങളും അടങ്ങുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.( s saradakutty writes about hair in food for gr anil)
ശാരദക്കുട്ടിയുടെ വാക്കുകള്‍;
‘കൊഴിയുന്ന തലമുടി ചുരുട്ടിക്കെട്ടി തെങ്ങിന്‍ ചോട്ടില്‍ കുഴിച്ചിട്ട് മണ്ണ് ഉപ്പൂറ്റി കൊണ്ട് ചവിട്ടി ഉറപ്പിച്ചാല്‍ പനങ്കുല പോലെ തലമുടി വളരുമെന്ന് അമ്മുമ്മ പറയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുമുണ്ട്. കുറെക്കാലം കഴിഞ്ഞ് അമ്മുമ്മയോട് എന്തിനാണിങ്ങനെ നുണ പറഞ്ഞു പറ്റിച്ചതെന്നു ചോദിച്ചപ്പോള്‍ അമ്മുമ്മ പറഞ്ഞത് , നിങ്ങള്‍ അഞ്ചാറു പെണ്‍പിള്ളേരുടെ തലമുടി മുറിക്കുള്ളില്‍ പറന്നു നടക്കാതിരിക്കാനാണ് , ആണുങ്ങള്‍ ഉണ്ണാന്‍ വരുമ്പോള്‍ ചോറില്‍ മുടി കിടക്കരുത് അതിനാണ് എന്നൊക്കെയാണ്.
കുഴിച്ചിട്ടു കാല്‍ കൊണ്ടമര്‍ത്തിയാല്‍ മുടി വളരുമെന്നുള്ള പ്രലോഭനം കുറേക്കാലത്തേക്കെങ്കിലും ഫലിച്ചു. പക്ഷേ ഒരു കുഞ്ഞു തലമുടിയെങ്കിലും ചോറില്‍ കണ്ടാല്‍ അമ്മയെ എല്ലാവരും രൂക്ഷമായി നോക്കി. അമ്മ കുറ്റബോധം കൊണ്ടു ചൂളി . അച്ഛന്‍ വളര്‍ത്തിയ മക്കള്‍ നോട്ടം തുടരുകയും അമ്മ വളര്‍ത്തിയ മക്കള്‍ ഉരുകുകയും ചെയ്തു കൊണ്ടിരുന്നു.
എന്റെ വീട്ടില്‍ ഉണ്ണാന്‍ വന്ന എന്റെ കൂട്ടുകാരിക്ക് കറിയില്‍ നിന്ന് മുടി കിട്ടിയത് അവര്‍ ഊണിനു ശേഷം എന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മ വളര്‍ത്തിയ ഞാന്‍ നിന്നു ചൂളി. അതു കണ്ട് എന്റെ സ്വാധീനം തീരെയില്ലാത്ത എന്റെ മകള്‍ നേരെ നിന്നു എന്നോടു ചോദിച്ചു, ‘പെണ്ണുങ്ങളാണുണ്ടാക്കുന്നത്. അവര്‍ നീളന്‍ മുടിയുള്ളവരാണ്. ചിലപ്പോള്‍ മുടിയൊക്കെ കിട്ടും. അതിനമ്മ ചൂളുന്നതെന്തിന്? അമ്മ പറിച്ചിട്ടതൊന്നുമല്ലല്ലോ.
Read Also: ഭക്ഷ്യമന്ത്രിക്ക് നൽകിയ ചോറിൽ തലമുടി
കടയില്‍ നിന്ന്, ചന്തയില്‍ നിന്ന് ഒക്കെ വരുന്ന പച്ചക്കറികളില്‍ ചുറ്റി നില്‍ക്കുന്ന തലമുടിയൊക്കെ എത്ര തവണ കഴുകി മാറ്റിയിരിക്കുന്നു. എത്ര മാത്രം ശ്രദ്ധയുണ്ടെങ്കിലാണ് ഒരു കറി വൃത്തിയായി പാത്രത്തില്‍ വരുക എന്ന് ആര്‍ക്കാണറിയാത്തത് !! വീട്ടിലെ പെണ്ണുങ്ങളുടെ വര്‍ഷങ്ങളായുള്ള പണികളിലെ അമിത ശ്രദ്ധയെല്ലാം വൃഥാവിലാകും ഒരിക്കല്‍ ഒരു കറിയില്‍ ഒരു തലമുടി കിട്ടിയാല്‍. നമ്മള്‍ വാരിപ്പറിച്ച് കറിയിലിട്ടതാണെന്ന ഭാവത്തിലാണ് മുടി കാണുമ്പോള്‍ ചിലരുടെ നോട്ടം. മകളാണ് പറഞ്ഞു തന്നത്, കറിയിലെ കുറവുകള്‍ അമ്മയുടെ കുറവുകളല്ല എന്ന്. വേണമെങ്കില്‍ കഴിക്കാം, അല്ലെങ്കില്‍ എഴുന്നേറ്റു പോകാം. ഇതു രണ്ടും അമ്മയെ ബാധിക്കാന്‍ പാടില്ല എന്ന്. അവള്‍ എന്റെ മകള്‍ മായ..-
എസ്.ശാരദക്കുട്ടി…
Story Highlights: s saradakutty writes about hair in food for gr anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here