എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത് മലയാളി താരം സഹലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ( India Vs Afghanistan AFC Asian Cup ).
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഇരു ടീമുകളും കളിച്ചത്. നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ രണ്ട് ടീമിനും ലഭിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 86-ാം മിനുറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയനിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അതിമനോഹരമായി അഫ്ഗാന്‍ വലയിലെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ ആഹ്ലാദത്തിന് രണ്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. 88-ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ അഫ്ഗാന്‍ താരം സുബൈര്‍ അമീരി ഇന്ത്യ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു.
എന്നാല്‍, ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പകരക്കാരനായി എത്തിയ സഹല്‍ അധിക സമയത്ത് ഇന്ത്യയുടെ വിജയഗോള്‍ നേടി. ആഷിഖ് കുരുണിയനിന്റെ അതിമനോഹരമായ പാസ് കൃത്യമായി സഹല്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ജയത്തോടെ രണ്ട് കളികളില്‍ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
Story Highlights: AFC Asian Cup 2023 Qualifiers: India win 2-1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here