പൊലീസിനും നിയന്ത്രിക്കാനായില്ല; ബലാത്സംഗക്കേസ് പ്രതിയെ വളഞ്ഞിട്ട് ആക്രമിച്ച് ഇരയുടെ ബന്ധുക്കള്‍

ബലാത്സംഗക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകും വഴി സംഘം ചേര്‍ന്ന് ആക്രമിച്ച് ഇരയുടെ ബന്ധുക്കളും നാട്ടുകാരും. പ്രതിയെ കോടതിയിലെത്തിക്കുന്നത് കാത്ത് കോടതിയുടെ പരിസരത്ത് പല കൂട്ടങ്ങളായി നിന്നിരുന്നവര്‍ പെട്ടെന്ന് പ്രതിക്കടുത്തേക്ക് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് പ്രതിരോധത്തെപ്പോലും മറികടന്ന് ക്രൂരമായി പ്രതിയെ ആക്രമിച്ച ബന്ധുക്കള്‍ക്ക് നേരെ ഗത്യന്തരമില്ലാതെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഏറെ നേരത്തെ ലാത്തിച്ചാര്‍ജിനൊടുവിലാണ് ആള്‍ക്കൂട്ടത്തെ മടക്കിയയച്ച് പൊലീസിന് പ്രതിയുടെ ജീവന്‍ രക്ഷിക്കാനായത്.
മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഗക്ഫാമിലെ ഗായ്‌ഗോങ്ഡിംഗ് കമേയ് എന്നയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് ഇയാളെ മര്‍ദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി റിമാന്‍ഡിനുള്‍പ്പെടെയാണ് ഇയാളെ കോടതിയിലെത്തിച്ചത്.
പ്രതിയെ പൊലീസ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ മുതല്‍ തന്നെ ഇരയുടെ നാട്ടുകാര്‍ പ്രതിയെ അസഭ്യം പറയുകയും പ്രതിക്കുനേരെ അലറുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പിന്നീടാണ് പ്രതിയെ ഇരയുടെ വീട്ടുകാരടക്കം ആക്രമിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ ഷോപ്പിംഗിന് കൊണ്ടുപോകാമെന്ന വ്യാജേനെ നാട്ടുകാരനായ പ്രതി വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പല പ്രാവശ്യം ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.
Story Highlights: victim relatives attacks rape accused in manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here