മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്‌മെന്റാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ 15 ദിവസത്തേക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. കുട്ടികള്‍ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട് ( Youth congress leader teacher suspended ).
എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം പ്രവർത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്.
Story Highlights: Plane protest against CM; Youth congress leader teacher suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here