നാഷണൽ ഹെറാൾഡ് കേസും സ്വർണ്ണക്കടത്തും തമ്മിൽ ഇ.പി ജയരാജനും ബുദ്ധിയും തമ്മിലുള്ള ബന്ധമെങ്കിലുമുണ്ടോ?- രാഹുൽ മാങ്കൂട്ടത്തിൽ

നാഷണൽ ഹെറാൾഡ് കേസും സ്വർണ്ണക്കടത്ത് കേസും തമ്മിൽ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന് വിശദീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് കേസും തമ്മിൽ ഇ.പി ജയരാജനും ബുദ്ധിയും തമ്മിലുള്ള ബന്ധമെങ്കിലുമുണ്ടോയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.
”കേന്ദ്രത്തിൽ ഇ.ഡിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ്സ് തന്നെ അല്ലേ പിണറായിക്കെതിരെയും സമരം ചെയ്യുന്നത്? ഇതെന്തൊരു ഇരട്ടത്താപ്പാണ്” സിപിഐഎം നേതാക്കളുടെ ചോദ്യമാണ്. അടിസ്ഥാനമില്ലാത്ത മണ്ടത്തരമാണ് ചോദിക്കുന്നതെങ്കിലും മറുപടി പറയാം.
നാഷണൽ ഹെറാൾഡ് കേസും പിണറായിയുടെ സ്വർണ്ണക്കടത്ത് കേസും തമ്മിൽ ഇപി ജയരാജനും ബുദ്ധിയും തമ്മിലുള്ള ബന്ധമെങ്കിലുമുണ്ടോ? എന്തിനാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്? ആർഎസ്എസ് പ്രചാരകൻ സുബ്രഹ്മണ്യ സ്വാമി കൊടുത്ത കേസിൽ രാഹുൽ ഗാന്ധി സ്വർണ്ണം കടത്തിയെന്നോ, ഡോളർ കടത്തിയെന്നോ, രാജ്യദ്രോഹം നടത്തിയെന്നോ, അഴിമതി നടത്തിയെന്നോ, പൊതുഖജനാവിനു പണം നഷ്ടമായി എന്നോ പരാതിയുണ്ടോ?
ആകെയുള്ള പരാതി തികച്ചും സാങ്കേതികമാണ്. ഒന്ന് നാഷണൽ ഹെറാൾഡ് എന്ന കോൺഗ്രസ്സിന്റെ നാവായ പത്രത്തിനു എങ്ങനെ കോൺഗ്രസ്സ് പാർട്ടി ലോൺ കൊടുക്കും?. രണ്ട്, നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കടത്തോട് കൂടി രാഹുൽ ഗാന്ധിയും, മല്ലികാർജ്ജുന ഖാർഗെയുമൊക്കെ അംഗങ്ങളായ നോൺ പ്രോഫിറ്റ് കമ്പനി എങ്ങനെ ഏറ്റെടുത്തു?
Read Also: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ എൽഡിഎഫ് കൺവീനർ തന്നെ തല്ലുമോ?: രാഹുൽ മാങ്കൂട്ടത്തിൽ
രാഷ്ട്രീയ പ്രേരിതമായ ഈ കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ, കെ.റ്റി ജലീൽ പോയത് പോലെ തലയിൽ മുണ്ടിട്ട് ഇരുട്ടത്ത് അല്ല പോയത്. പകൽ വെളിച്ചത്തിൽ നടന്ന് ആണ് പോയത്. ആ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കടന്ന് ചെന്ന കെ.സി വേണുഗോപാൽ എന്ന സീനിയർ കോൺഗ്രസ്സ് നേതാവിനെ അമിത് ഷായുടെ ഡൽഹി പോലീസ് ക്രൂരമായി അക്രമിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. മർദ്ദനമേറ്റ കെ.സി പിണറായിയെ പോലെ സുരക്ഷ ജീവനക്കാരുടെ പൊത്തിൽ ഒളിച്ചിരിക്കാതെ രണ്ടാം ദിനവും പോരാട്ടം നയിക്കുന്നത് ആണ് ഞങ്ങളുടെ അഭിമാനം.
എസ്എൻസി ലാവ്ലിൻ കേസ് കേന്ദ്രസർക്കാർ മാറ്റി വെച്ച്, സംഘ പരിവാർ ഔദാര്യത്തിൽ ഹാഫ് സെഞ്ച്വറി തികച്ച പിണറായിക്ക് ഫാസിസ്റ്റ് ഭരണകൂട ഭീകരത മനസിലാകില്ല. പിണറായി സ്വർണ്ണം കടത്തിയെന്ന സ്വപ്നയുടെ മൊഴി 108 സ്റ്റേറ്റ്മെറ്റായി കസ്റ്റംസിനു കിട്ടിയിട്ടും അവർ അന്വേഷണം നടത്താത്തതും, രാഹുലിനെ ഇല്ലാത്ത കേസിൽ ചോദ്യം ചെയ്യുന്നതും തമ്മിൽ എന്ത് ബന്ധം?”- രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Rahul Mankoottathil with Facebook post against Pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here