വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം മജിസ്‌ട്രേറ്റ് കോടതി തള്ളി

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി ഉത്തരവായി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. അന്വേഷണവുമായി ബന്ധപ്പെട്ടു പൊലീസ് വിമാനത്തിലെ യാത്രക്കാരുടെ മൊഴിയെടുത്തു. അതേസമയം ഇ.പി. ജയരാജന് എതിരായി ലഭിച്ച പരാതികൾ എ.ഡി.ജി.പി.ക്ക് കൈമാറിയിട്ടുണ്ട്.
പ്രതികളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ പ്രതിഭാഗം തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. സിവിൽ ഏവിയേഷന്റെ പരിധിയിൽ വരുന്നതിനാൽ കേസന്വേഷിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ ഏജൻസികൾക്ക് മാത്രമാണെന്നും പൊലീസിന് കഴിയില്ലെന്നും പ്രതിഭാഗം വാദമുയർത്തി. എന്നാൽ വധശ്രമം, ക്രിമിനൽ ഗൂഡാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളുണ്ടെന്നും, എഫ്.ഐ.ആർ എടുക്കാനുള്ള അധികാരമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വിശദമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി ഉത്തരവായി. കേസ് ഏത് കോടതി പരിഗണിക്കണമെന്ന് തീരുമാനം എടുക്കുന്നത് ജില്ലാ കോടതിയാണെന്നും നിരീക്ഷണമുണ്ട്. നാളെ ജില്ലാ കോടതിയിൽ പ്രതിഭാഗം വീണ്ടും ജാമ്യാപേക്ഷ നൽകും. വിമാനത്തിനുള്ളിലെ സംഭവങ്ങൾ വിവരിച്ച് ഇൻഡിഗോ കമ്പനി വലിയതുറ പൊലീസിന് നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് പൊലീസ് എയർപോർട്ട് മാനേജർക്ക് കത്ത് നൽകി. ഇ.പി. ജയരാജന് എതിരേ ലഭിച്ച പത്തോളം പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.ക്ക് കൈമാറി. ഇ.പി.ജയരാജന് എതിരേ സ്‌റ്റേഷനിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വലിയതുറ പൊലീസിന്റെ നിലപാട്.
Story Highlights: Protest against CM inside plane; The Magistrate’s Court rejected the respondent’s contention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here