പ്രധാനമന്ത്രി മുതലുള്ള വിവിഐപികളുടെ സുരക്ഷ ഈ കൈകളിൽ ഭദ്രം; ഇത് പത്താം ക്ലാസ് തോറ്റവന്റെ വിജയം

എസ്എസ്എൽസി പരീക്ഷാ ഫലവും ആഘോഷങ്ങളും പഴയ മാർക്ക് ലിസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതിനിടയിൽ സിവിൽ പൊലീസ് ഓഫിസർ ജയചന്ദ്രൻ മുണ്ടേല പങ്കുവച്ച തോറ്റവൻ്റെ വിജയം എന്ന ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ വൈറാലാണ് ( Jayachandran Mundela sslc result ).
ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, ഉൾപ്പെടെയുള്ള വിവിഐപികളുടെ സുരക്ഷാ ഡ്യൂട്ടി വരെ ഇന്ന് ചെയ്യുമ്പോൾ ഒരു പത്താം ക്ലാസ് തോറ്റവൻ്റെ വിജയം ആണ് അതെന്നായിരുന്നു ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
പ്രീഡിഗ്രിക്ക് 1& 2 year പഠിച്ചതുപോലെ 10 ലും 1& 2 year പഠിച്ചിട്ടാ വന്നത്. ഫസ്റ്റ് ഇയർ 198 മാർക്കും 2 year 217 മാർക്കും ചേർത്താൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നുവെന്നും എസ്എസ്എൽസി പരീക്ഷയിലുണ്ടായ തോൽവിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
സർക്കാർ ജോലി കിട്ടുന്നതിനു മുമ്പ് പല ജോലികളും ചെയ്തു. തിരുവനന്തപുരത്തെ ഒരു സ്റ്റാർ ഹോട്ടലിൽ ഞാൻ കഴുകി വൃത്തിയാക്കാത്ത കക്കൂസുകളൊന്നുമില്ല. അവിടത്തെ ബാർബർഷോപ്പ് വൃത്തിയാക്കിയശേഷം അല്പം പൗഡർ എടുത്ത് മുഖത്തിട്ടതിന് സൂപ്പർവൈസറുടെ ചീത്ത മുഴുവൻ കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അവിടത്തെ ബാറിലെ ടോയ്‌ലറ്റിൽ കെട്ടികിടന്ന മൂത്രം പാത്രത്തിൽ കോരിമാറ്റിയിട്ടുണ്ടെന്നും ജീവിതത്തിലെ കൈപ്പേറിയ അനുഭവം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സുഹൃത്ത് തന്ന 20 രൂപയുമായിട്ടാണ് പൊലീസ് ടെസ്റ്റ് എഴുതാൻ പോയത്. കുഞ്ഞുനാളിൽ ഞാൻ ആഗ്രഹിച്ച എല്ലാം എനിക്ക് നേടാൻ കഴിഞ്ഞു. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത, സത്യസന്ധത, ഉണ്ടെങ്കിൽ നമുക്ക് ഒരിടത്തും തോൽക്കേണ്ടിവരില്ല, ആരുടെ മുന്നിലും തലകുനിക്കേണ്ടിയും വരില്ലെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തോറ്റവൻ്റെ വിജയം
ഞാൻ പ്രീഡിഗ്രിക്ക് 1& 2 year പഠിച്ചതുപോലെ 10 ലും 1& 2 year പഠിച്ചിട്ടാ വന്നത്. ഫസ്റ്റ് ഇയർ 198 മാർക്കും 2 year 217 മാർക്കും ചേർത്താൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. സർക്കാർ ജോലി കിട്ടുന്നതിനു മുമ്പ് പല ജോലികളും ചെയ്തു. തിരുവനന്തപുരത്തെ ഒരു 4 star ഹോട്ടലിൽ ഞാൻ കഴുകി വൃത്തിയാക്കാത്ത കക്കൂസുകളൊന്നുമില്ല. അവിടത്തെ ബാർബർഷോപ്പ് വൃത്തിയാക്കിയശേഷം അല്പം പൗഡർ എടുത്ത് മുഖത്തിട്ടതിന് സൂപ്പർവൈസറുടെ ചീത്ത മുഴുവൻ കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അവിടത്തെ ബാറിലെ ടോയ്‌ലറ്റിൽ കെട്ടികിടന്ന മൂത്രം പാത്രത്തിൽ കോരിമാറ്റിയിട്ടുണ്ട്. (ആ ബാറിൽ പോയിരുന്ന് ഒരു ബിയറെങ്കിലും കുടിക്കണമെന്ന് വിചാരിച്ചിട്ട് ഇതുവരെ നടന്നില്ല) മാസം 300 രൂപയാണ് ശമ്പളം കിട്ടിയിരുന്നത്.
ശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. സുഹൃത്ത് തന്ന 20 രൂപയുമായിട്ടാണ് പോലീസ് ടെസ്റ്റ് എഴുതാൻ പോയത്. കുഞ്ഞുനാളിൽ ഞാൻ ആഗ്രഹിച്ച എല്ലാം എനിക്ക് നേടാൻ കഴിഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, ഉൾപ്പെടെയുള്ള വിവിഐപി കളുടെ സുരക്ഷാഡ്യൂട്ടി വരെ ഇന്ന് ചെയ്യുമ്പോൾ ഒരു പത്താം ക്ലാസ് തോറ്റവൻ്റെ വിജയം ആണ് അത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത, സത്യസന്ധത, ഉണ്ടെങ്കിൽ നമുക്ക് ഒരിടത്തും തോൽക്കേണ്ടിവരില്ല, ആരുടെ മുന്നിലും തലകുനിക്കേണ്ടിയും വരില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here