Advertisement

ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്; ലേലത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

June 18, 2022
2 minutes Read

തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വില്‍പ്പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ഏത് ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാം. 285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 24 വരെ www.paulfrasercollectibles.com എന്ന വെബ്‌സൈറ്റില്‍ ലേലം നടക്കും. (Che Guevara’s ‘lucky’ Irish lighter auction)

തികച്ചും അപ്രതീക്ഷിതമായാണ് ചെ ഗുവേര തന്റെ പ്രീയപ്പെട്ട ലൈറ്റര്‍ സ്വന്തമാക്കുന്നത്. 1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ ചെ കഴിച്ചുകൂട്ടേണ്ടതായി വന്നു. വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വിരസതയകറ്റാന്‍ കയറിയ ചെ യുടെ മനസുടക്കിയത് പലവിധ ആകര്‍ഷകമായ വസ്തുക്കള്‍ക്കിടയിലിരിക്കുന്ന ആ ലൈറ്ററിലാണ്. കൗതുകത്തോടെ വാങ്ങിയ ആ ലൈറ്റര്‍ പിന്നീട് ഷാനനില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും ചെ ഒപ്പമെടുത്തു. ഈ സന്തത സഹചാരിയാണ് തന്റെ ഭാഗ്യ ലൈറ്ററെന്ന് ക്യൂബന്‍ വിപ്ലവ നക്ഷത്രം പ്രിയപ്പെട്ട പലരോടും പറഞ്ഞു.

ആഫ്രിക്കയിലേക്കുള്ള ചെ യുടെ ചരിത്രപ്രസിദ്ധമായ യാത്ര കഴിഞ്ഞ് മടങ്ങിവരുംവരെ ലൈറ്റര്‍ അദ്ദേഹം ഭദ്രമായി തന്നെ സൂക്ഷിച്ചു. ഭൂഖണ്ഡത്തിലാകെ ചെ പാകിയ വിപ്ലവത്തിന്റെ വിത്തുകള്‍ക്ക് പക്ഷേ ആഫ്രിക്കന്‍ മണ്ണില്‍ തഴച്ചുവളരാനായില്ല. ഈ വിഫലശ്രമങ്ങള്‍ ചെ യെ നിരാശനാക്കി. നിരാശയുടെ ആ നാളുകളില്‍ തന്റെ ലൈറ്ററിനോടും ചെ ഗുവേരയ്ക്ക് അകല്‍ച്ച തോന്നി. ഒടുവില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പങ്കാളി റെവല്‍റ്റ ക്ലൂസിന് ലൈറ്റര്‍ സമ്മാനിച്ചുകൊണ്ട് ചെ പറഞ്ഞത് ഈ ലൈറ്റര്‍ അത്ര ഭാഗ്യമുള്ളതല്ലെന്നാണ്. ചെ യുടെ വിപ്ലവങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും ഒടുവില്‍ നിരാശയ്ക്കും തീ കൊടുത്ത ലൈറ്ററാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്.

Story Highlights: Che Guevara’s ‘lucky’ Irish lighter auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top