Advertisement

‘അബ്ബാസ് എന്നൊരാളുണ്ടെങ്കിൽ ഇക്കാര്യം ചോദിക്കൂ’; മോദിയോട് അസദുദ്ദീൻ ഒവൈസി

June 20, 2022
3 minutes Read
Modi Abbas Asaduddin Owaisi

ബാല്യകാലത്ത് തനിക്ക് വളരെ അടുപ്പമുള്ള ഒരു മുസ്ലിം സുഹൃത്തുണ്ടായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. ‘അബ്ബാസ് എന്നൊരാൾ ഉണ്ടെങ്കിൽ നുപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രസ്താവന ശരിയോ തെറ്റോ എന്ന് അദ്ദേഹത്തോട് ചോദിക്കൂ’ എന്നായിരുന്നു ഒവൈസിയുടെ പരാമർശം. (Modi Abbas Asaduddin Owaisi)

“8 വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രി തൻ്റെ സുഹൃത്തിനെ ഓർമിച്ചിരിക്കുന്നു. താങ്കൾക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി ഞങ്ങൾക്കറിയില്ല. ഞങ്ങൾ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നു. ദയവായി അബ്ബാസിനെ -അങ്ങനെയൊരാൾ ഉണ്ടെങ്കിൽ- വിളിക്കൂ. എന്നിട്ട് എൻ്റെയും പണ്ഡിതരുടെയും പ്രസംഗം കേൾപ്പിച്ചിട്ട് ഞങ്ങൾ പറയുന്നത് നുണയാണോ എന്ന് ചോദിക്കൂ. അബ്ബാസിൻ്റെ വിലാസം തന്നാൽ ഞാൻ പോകാം. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപുർ ശർമ നടത്തിയ പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് ചോദിക്കാം. അവർ പറഞ്ഞത് അസംബന്ധമാണെന്ന് അയാൾ സമ്മതിക്കും.”- ഒവൈസി പറഞ്ഞു.

Read Also: മോദിയുടെ ആ ഫ്രണ്ടിനെ കണ്ടെത്തി; അബ്ബാസ് ഓസ്‌ട്രേലിയയിലുണ്ട്!!

പിറന്നാൾ ദിനത്തിൽ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചതിനൊപ്പമാണ് മോദി തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും അബ്ബാസിനെ കുറിച്ചും വികാരഭരിതമായി കുറിപ്പെഴുതിയത്. തന്റെ അയൽവാസിയായിരുന്നു അബ്ബാസ് എന്നും, പിതാവ് മരണപ്പെട്ടതോടെ തന്റെ അച്ഛൻ കുട്ടിയെ ഏറ്റെടുക്കുകയും, പിന്നീട് അബ്ബാസ് മോദിയുടെ വീട്ടിൽ താമസിച്ചുകൊണ്ട് പഠനം പൂർത്തിയാക്കുകയായിരുന്നുവെന്നുമാണ് മോദി ബ്ലോഗിലെഴുതിയത്.

‘മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോർന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങൾ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ്? ഇന്നും അമ്മയെ കാണാൻ പോയാൽ സ്വന്തം കൈകൊണ്ട് തയാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാൻ തരുന്നത്. ഞാൻ അത് കഴിച്ച് കഴിഞ്ഞാൽ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ.’- മോദി കുറിച്ചു.

ഗുജറാത്ത് സർക്കാരിന്റെ ക്ലാസ് 2 ജീവനക്കാരനായിരുന്നു അബ്ബാസ് എന്നാണ് വിവരം. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഭക്ഷ്യവിതരണ വകുപ്പിലെ സർവീസിൽ നിന്നും അദ്ദേഹം വിരമിച്ചത്. രണ്ട് മക്കളാണ് അബ്ബാസിനുള്ളത്. മൂത്ത മകൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് താമസം. ഇളയമകനൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അബ്ബാസ് താമസിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Story Highlights: Narendra Modi friend Abbas Asaduddin Owaisi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top