Advertisement

കുടുംബശ്രീ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശത്തടക്കം വിപണി കണ്ടെത്തും : മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

June 24, 2022
2 minutes Read
mv

കുടുംബശ്രീ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിങ്ങിലൂടെ വിദേശത്തടക്കം വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താൻ പദ്ധതിയിലൂടെ സാധിക്കും.

ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാർഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. ഒരു പഞ്ചായത്തിൽ ഒരു ഉൽപ്പന്നം എന്ന രീതിയിലേക്ക് എത്താനാകണം. അധികം വരുന്ന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി നിർമ്മിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സേവനം നൽകുന്നതിൽ മാത്രമായി ഒതുങ്ങാതെ തൊഴിൽ ദാതാവായി മാറണം. എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി സർവേയിലൂടെ ഏകദേശം അറുപതു ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 15 നും 35 നും ഇടയിൽ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തരാക്കും.

ഒരു വാർഡിൽ ഒരു ഉദ്യോഗാർഥി എന്ന നിലയിലാണ് ആദ്യം തൊഴിൽ ലഭ്യമാക്കുന്നത്. കൂടാതെ ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ പദ്ധതികളും പൂർത്തിയാക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചിലരെങ്കിലും ഫയലുകളിൽ കാലതാമസം വരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മൂന്നുവർഷത്തിനപ്പുറം ഒരു ഉദ്യോഗസ്ഥനും ഒരേ സ്ഥാനത്തു തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Kudumbasree products to find foreign market: MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top