പൊലീസ് അന്വേഷണം വെറും പ്രഹസനം, വിശ്വാസയോഗ്യമല്ല: കെ സുധാകരന്‍ എംപി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം ഗൗരവം വർധിപ്പിക്കുന്നു. നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് അക്രമം നടന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇതിന് തെളിവാണെന്നും കെ.സുധാകരന്‍.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. സിപിഐഎം എസ്എഫ്‌ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള നടപടിയുമാണ്. സിപിഐഎം തിരക്കഥ പ്രകാരമാണ് നിലവിലെ പൊലീസ് നടപടി. പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാന്‍ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് പാർട്ടി അക്രമത്തെ അപലപിക്കുന്നത്. ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഐഎമ്മിന്റെ പാരമ്പര്യമാണ്. പൊലീസിന്റെ നിഷ്പക്ഷ അന്വേഷണം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബിജെപിയുടെ പ്രീതി സമ്പാദിക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായി. ഉചിതമായ നടപടി സ്വീകരിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍സോണിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുന്നതിലും സര്‍ക്കാരിന് രണ്ട് പക്ഷമാണ്. നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് പോലുമില്ല. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇടപെടലുകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് അവരുടെ ദുരിതത്തെ സിപിഐഎം ചൂഷണം ചെയ്യുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
Story Highlights: k sudhakaran against state police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here