മുതിർന്ന നേതാക്കൾ വയനാട്ടിൽ; വമ്പൻ പ്രതിഷേധത്തിന് കോൺഗ്രസ്, പ്രതിരോധത്തിൽ സിപിഐഎം

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗവും നടത്തും ( rahul gandhi office attack ).
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഇതിനായി നേതാക്കളിൽ പലരും വയനാട്ടിലെത്തി.
അതേസമയം, എസ്എഫ്ഐ അതിക്രമത്തിൽ സിപിഐഎം പാടേ പ്രതിരോധത്തിലായി. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന വേളയിൽ നടന്ന സംഭവവികാസങ്ങൾ നേതാക്കൾ പലരും അത്ഭുത്തോടെയാണ് ശ്രവിച്ചത്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട് ജില്ലാ നേതൃത്വവും പാർട്ടിക്കു മുന്നിൽ പ്രതിക്കൂട്ടിലായി.
സ്വർണക്കടത്ത് കേസ് രണ്ടാമതും ഉയർന്നു വന്നപ്പോൾ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് കണ്ടില്ലേ എന്നായിരുന്നു പ്രതിപക്ഷത്തോടുളള സിപിഐഎമ്മിന്റെ ചോദ്യം. അതേ രാഹുലിന്റെ ഓഫിസാണ് എസ്എഫ്ഐ തല്ലിത്തകർത്തത്. എസ്എഫ്ഐയുടെ പുതിയ നേതൃത്വം ഇതിന് പാർട്ടിക്ക് മറുപടി നൽകേണ്ടി വരും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തന്നെയാണ് മാർച്ചിനു നേതൃത്വം കൊടുത്തത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ദില്ലിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു.
Story Highlights: rahul gandhi office attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here