ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്കൻ വനിതകൾ; വിജയലക്ഷ്യം 139 റൺസ്

ഇന്ത്യക്കെതിരായ മൂന്നാമത്തെ ടി-20യിൽ ശ്രീലങ്കയ്ക്ക് 139 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 138 റൺസ് നേടി. 39 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടോപ്പ് സ്കോററായപ്പോൾ ജമീമ റോഡ്രിഗസും (33) ഇന്ത്യക്കുവേണ്ടി തിളങ്ങി. (india women innings srilanka)
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഷഫാലി വർമ (5) പുറത്തായി. കൃത്യമായ ലൈനുകളിൽ പന്തെറിഞ്ഞ് ഇന്ത്യയെ പിടിച്ചുകെട്ടിയ ശ്രീലങ്ക തുടക്കത്തിൽ ഫീൽഡിംഗിലും മികച്ചുനിന്നു. രണ്ടാം വിക്കറ്റിൽ സ്മൃതിയും സബ്ബിനേനി മേഘ്നയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും റൺ നിരക്ക് വളരെ കുറവായിരുന്നു. റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ മന്ദന (22) മടങ്ങി. ഏറെ വൈകാതെ മേഘ്നയും (22) പുറത്തായി.
Read Also: സ്മൃതിയും ഹർമനും തിളങ്ങി; ജയത്തോടെ ടി-20 പരമ്പര നേടി ഇന്ത്യ
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹർമൻപ്രീത് കൗർ-ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ സാവധാനം മുന്നോട്ടുനയിച്ചു. എങ്കിലും ശ്രീലങ്കയുടെ തകർപ്പൻ ബൗളിംഗ് കൂറ്റനടികളിൽ നിന്ന് ഇന്ത്യയെ തടഞ്ഞു. അവസാന ഓവറുകളിൽ ചില ബൗണ്ടറി ഷോട്ടുകൾ കണ്ടെത്തിയ സഖ്യം 64 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി. 18ആം ഓവറിൽ ജമീമ മടങ്ങി. തുടർന്ന് ക്രീസിലെത്തിയ പൂജ വസ്ട്രാക്കറുടെ കാമിയോ ഇന്നിംഗ്സ് (13) ഇന്ത്യയെ 140നരികെ എത്തിക്കുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം ടി-20 മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ശ്രീലങ്ക മുന്നോട്ടുവച്ച 126 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 31 റൺസെടുത്ത് പുറത്താവാതെ നിന്നു.
Story Highlights: india women first innings score srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here