എന്റെ പ്രതിമാസ ഓണറേറിയം 18,000 രൂപ മാത്രം; യാത്രാവിവാദത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ലതിക സുഭാഷ്

ഔദ്യോഗിക വാഹനത്തിലെ സ്വകാര്യ യാത്രാ വിവാദത്തിൽ വിശദീകരണവുമായി കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ് രംഗത്ത്. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എം.ഡി. നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് അവർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ചെയർപേഴ്സൺ എന്ന നിലയിൽ തന്റെ പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണെന്നും ടി എ / ഡി എ ഇനത്തിൽ 3500 രൂപയാണ് ഇതുവരെ കൈപ്പറ്റിയിട്ടുള്ളതെന്നും അവർ വിശദീകരിക്കുന്നു. ആറ് മാസത്തിനുള്ളിൽ കേരളത്തിലെ പല പൊതു പരിപാടികളിലും സംബന്ധിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ( Lathika Subhash with Facebook post on travel controversy )
” കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് ഞാൻ. വിശ്രമരഹിതമായ പ്രവർത്തനമാണ് എന്റേത്. കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളിൽ പങ്കെടുക്കുന്നയാളുമാണ്.കെ എഫ് ഡി സി യുടെ ചെയർപേഴ്സൺ ആയി ചുമതല ഏറ്റിട്ട് ആറ് മാസമാകുന്നു. കോർപ്പറേഷന്റെ ഉയർച്ചക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിക്കുന്നു. എന്നാൽ എന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം.
ഇന്ധന ചെലവ് ഇനത്തിൽ ഞാൻ കൈപ്പറ്റിയ 97,140 രൂപ എന്നിൽ നിന്നും ഈടാക്കുമെന്നാണ് വാർത്ത. ചെയർപേഴ്സൺ എന്ന നിലയിൽ എന്റെ പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണ്. ടി എ / ഡി എ ഇനത്തിൽ 3500 രൂപയാണ് ഇതുവരെ ഞാൻ കൈപ്പറ്റിയിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കേരളത്തിലെ പല പൊതു പരിപാടികളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ പലതിലും എനിക്ക് സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്.
അത് ഒരു അഴിമതിയോ അപരാധമായോ ഞാൻ വിശ്വസിക്കുന്നുമില്ല. ഞാൻ വാഹനം ദുരുപയോഗം ചെയ്‌തു എന്നുള്ള ആരോപണം ഇതിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. ഔദ്യോഗിക വാഹനത്തിൽ ഇത്തരം പൊതുപരിപാടികളിൽ സംബന്ധിച്ചത് കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ച തുകയാണ് എന്നിൽ നിന്നും ഈടാക്കും എന്ന് പറഞ്ഞിട്ടുള്ളത്. ഞാൻ എന്നും നിയമത്തിന് വിധേയയാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തെങ്കിലും സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.” – ലതിക സുഭാഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ലതികാ സുഭാഷ് ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവിൽ ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയെന്നാണ് എം.ഡി നല്‍കിയ കത്തിലുള്ളത്. ജൂണ്‍ 30-നുമുമ്പ് ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Lathika Subhash with Facebook post on travel controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here