തുര്‍ക്കി അയഞ്ഞു; സ്വീഡനും ഫിന്‍ലന്‍ഡും ഉടന്‍ നാറ്റോ സഖ്യത്തിലേക്ക്

നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളേയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. (Sweden, Finland To Be Invited To Become NATO Members Today)
ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ചതോടെയാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോയില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങിയത്. തുര്‍ക്കിയുടെ ആവശ്യങ്ങളിലൂന്നി തുര്‍ക്കിയും സ്വീഡനും ഫിന്‍ലന്‍ഡും കരാറില്‍ ഒപ്പുവച്ചു. ഇനി ഈ രാജ്യങ്ങളുടെ നാറ്റോ പ്രവേശനം വളരെ വേഗത്തില്‍ സാധ്യമാകുമെന്ന് മാഡ്രിഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
പികെകെയ്ക്കും മറ്റ് കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ രണ്ട് നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചതായി അല്‍പ സമയം മുന്‍പാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗന്‍ പ്രഖ്യാപിച്ചത്. 2019ല്‍ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം പിന്‍വലിക്കാനും ഇരുനോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചു.
Story Highlights: Sweden, Finland To Be Invited To Become NATO Members Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here