Advertisement

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്കിടെ യുവതി മരിച്ചു

July 6, 2022
3 minutes Read
Another death at Thangam Hospital

ചികിത്സയ്ക്കിടെ യുവതി മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു മരണം. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അതികൃതര്‍ അറിയിച്ചു ( Another death at Thangam Hospital ).

കഴിഞ്ഞ ദിവസം തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ വഴിതെളിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആവര്‍ത്തിച്ച് കുടുംബം ഇന്നലെ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് സമാന പരാതി വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ മരിച്ച ഐശ്വര്യയുടെ കുടുംബ ഗുരുതരമായ ആരോപണമാണ് ആശുപത്രിക്കെതിരെ ഉയര്‍ത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കി.

Read Also: ബലി പെരുന്നാള്‍; 737 തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ

‘ഞങ്ങളുടെ കുട്ടിയെ അകത്ത് ഇരുത്തി. ഓപറേഷന്‍ ചെയ്തുകൊള്ളാന്‍ പറഞ്ഞതാണ്. ഇത്ര നാള്‍ ചികിത്സിച്ചിരുന്ന പ്രധാന ഡോക്ടര്‍ പ്രസവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഒരു നഴ്‌സ് വന്ന് കുഞ്ഞിനെ എന്റെ കൈയില്‍ ത്ന്നു. പേരക്കുട്ടിയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു, നെറ്റിയില്‍ ഉമ്മ കൊടുത്തു. അപ്പോഴാണ് പറയുന്നത് നഴ്‌സ് പറയുന്നത് കുഞ്ഞ് മരിച്ചുവെന്ന്. പ്രസവത്തിന് ശേഷം ഞാനും ഭാര്യയും മകളെ കേറി കണ്ടിരുന്നു. അപ്പോള്‍ ചെറുതായി കണ്ണ് തുറന്നിരുന്നു. പേടിക്കേണ്ടെന്ന് ധൈര്യം നല്‍കിയിട്ടാണ് പുറത്തേക്ക് വന്നത്’ അച്ഛന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയ കാര്യം ഭര്‍ത്താവിനോട് പോലും പറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഐശ്വര്യയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭ പാത്രം നീക്കണമെന്ന് പറഞ്ഞതോടെ, എന്നാല്‍ അത് ചെയ്തുകൊള്ളാന്‍ കുടുംബം സമ്മതിച്ചു. അപ്പോഴാണ് ആശുപത്രി അധികൃതര്‍ പറയുന്നത് ഗര്‍ഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞുവെന്ന്.

‘ഐശ്വര്യയുടെ ഉദരത്തില്‍ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തതില്‍ വീഴ്ച പറ്റി. സ്‌കാന്‍ ചെയ്ത് കുഞ്ഞിന്റെ പൊസിഷന്‍ നോക്കാതെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടെ ഗര്‍ഭപാത്രം ഉള്‍പ്പെടെ പുറത്തേക്ക് വന്നുവെന്നാണ് കണ്ട ഒരാള്‍ പറഞ്ഞത്’ ഐശ്വര്യയുടെ ബന്ധു പറഞ്ഞു.

Story Highlights: The woman died during treatment at Thangam Hospital in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top