നാല് ഡക്കുകൾ, ഏഴ് വിക്കറ്റുകൾ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 59 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് എഴ് വിക്കറ്റ് നഷ്ടമായി. ജേസൻ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജസ്പ്രീത് ബുംറ 5 ഓവറിൽ വെറും 9 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 15 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടിയിട്ടുണ്ട്. ഡേവിഡ് വില്ലി (0), ക്രെയ്ഗ് ഓവർട്ടൺ (0) എന്നിവരാണ് ക്രീസിൽ. (england batting collapse india)
തൻ്റെ ആദ്യ ഓവറിൽ തന്നെ ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. നാലാം പന്തിൽ റോയ് പ്ലെയ്ഡ് ഓൺ ആയപ്പോൾ അവസാന പന്തിൽ റൂട്ടിനെ പന്ത് പിടികൂടി. അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് കോളത്തിൽ ഇടംനേടി. സ്റ്റോക്സിനെ പന്തിൻ്റെ കൈകളിലെത്തിച്ചാണ് ഷമി വിക്കറ്റ് പട്ടികയിൽ ഇടംപിടിച്ചത്. തൊട്ടടുത്ത ഓവറിൽ ബുംറ തൻ്റെ മൂന്നാം വിക്കറ്റ് നേടി. ആറാം ഓവറിലെ മൂന്നാം പന്തിൽ 7 റൺസെടുത്ത ബെയർസ്റ്റോയെ പന്ത് പിടികൂടുകയായിരുന്നു. 8ആം ഓവറിലെ അഞ്ചാം പന്തിൽ ലിവിങ്സ്റ്റണും മടങ്ങി. ബുംറയെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള താരത്തിൻ്റെ ശ്രമം പാഴായി. ലിവിങ്സ്റ്റൺ ക്ലീൻ ബൗൾഡ്.
ആറാം വിക്കറ്റിലെത്തിയ മൊയീൻ അലി ബട്‌ലർക്കൊപ്പം മികച്ച രീതിയിൽ ബാറ്റ് വീശി. ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ട സഖ്യം സാവധാനം സ്കോർ ഉയർത്തി. എന്നാൽ, ആറാം വിക്കറ്റിൽ ബട്‌ലറുമൊത്ത് 27 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം മൊയീൻ മടങ്ങി. 14 റൺസെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. മൊയീൻ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. ബട്‌ലറെ വീഴ്ത്താൻ ഷമിയെ മടക്കിവിളിച്ച രോഹിതിനു തെറ്റിയില്ല. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ ബട്‌ലറെ (30) ഷമി സൂര്യകുമാറിൻ്റെ കൈകളിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കോലിക്ക് പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 9 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് നേടിയിട്ടുണ്ട്.
Story Highlights: england batting collapse india 6 wickets down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here