ഹിജാബ് വേണ്ട എന്ന ആഹ്വാനവുമായി ഇറാനിയൻ സ്ത്രീകൾ, പരസ്യമായി ശിരോവസ്ത്രം ഊരിമാറ്റി പ്രതിഷേധം

ഇസ്ലാം നിയമപ്രകാരം നിർബന്ധമായും സ്ത്രീകൾ ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിജാബ് പരസ്യമായി ഊരിമാറ്റി ഇറാനിയൻ സ്ത്രീകളുടെ പ്രതിഷേധം. ഇറാനിൽ ‘ഹിജാബിന്റെ ദേശീയ ദിനം’ എന്നറിയപ്പെടുന്ന ജൂലൈ 12നാണ് യുവതികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഹിജാബ് വിരുദ്ധ കാമ്പെയ്‌നിൽ പങ്കെടുത്ത ഇറാനിയൻ സ്ത്രീകൾ പരസ്യമായി ഹിജാബ് നീക്കം ചെയ്യുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ( Iranian women participated in an anti-hijab campaign )
രാജ്യത്തെ സുരക്ഷാസേന ഡ്രസ് കോഡ് ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യുവതികളുടെ പ്രതിഷേധം. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച നടന്ന പ്രതിഷേധത്തിലാണ് ഹിജാബുകൾ പരസ്യമായി നീക്കം ചെയ്യുകയും ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തത്.
അതേസമയം, ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനായി സംഘടിപ്പിച്ച പരിപാടിയുടെ വിഡിയോ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. വിഡിയോയിൽ 13 സ്ത്രീകൾ പച്ച ഹിജാബും നീണ്ട വെള്ള വസ്ത്രവും ധരിച്ച് ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ച് സ്ത്രീകൾ ഹിജാബ് ധരിക്കേണ്ടതിനെപ്പറ്റി വ്യക്തമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ വിഡിയോയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Read Also: ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി
1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ ഹിജാബ് നിയമം നിലവിലുണ്ട്. ഒമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളും പെൺകുട്ടികളും പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കണമെന്നാണ് നിയമം. ഹിജാബ് നിയമത്തോടുള്ള സമീപകാല പ്രതിഷേധങ്ങളെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരിശുദ്ധി കളങ്കപ്പെടുത്തുകയാണെന്ന് ഇറാനിലെ മതപണ്ഡിതർ പറയുന്നു.
ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് ഓഫീസുകളിലും ബാങ്കുകളിലും മെട്രോയിലും കയറേണ്ടെന്ന് കാട്ടി വടക്കുകിഴക്കൻ ഇറാനിലുള്ള മഷാദിന്റെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തെ മേയർ ആദ്യം എതിർത്തെങ്കിലും ഒടുവിൽ ഉത്തരവിന് അനുമതി നൽകേണ്ടിവന്നു. യുഎസിലുള്ള ആക്ടിവിസ്റ്റ് മസിഹ് അലൈൻജാദാണ് ഹിജാബ് വിരുദ്ധ സോഷ്യൽ മീഡിയ കാമ്പയിന് നേതൃത്വം നൽകുന്നത്.
Story Highlights: Iranian women participated in an anti-hijab campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here