‘ഏറ്റവും മനോഹരമായ അനുഗ്രഹം, എന്റെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും’- വിദ്യാസാഗറിന്റെ ഓർമ്മകൾ പങ്കുവെച്ച് മീന

അപ്രതീക്ഷിതമായാണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിനെ മരണം കവർന്നെടുത്തത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാല്‍പത്തിയെട്ടു വയസ്സായിരുന്നു പ്രായം. അന്തരിച്ച ഭർത്താവിന്റെ ഫോട്ടോപങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മീന. ജീവിതത്തിലെ അതിമനോഹരമായ അനുഗ്രഹമായിരുന്നു വിദ്യസാഗർ. അത്രമേൽ വിഷമകരമായ ഘട്ടത്തിൽ പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മീന കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ആഴ്ചകളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാസാഗറിന്റെ മരണത്തിൽ രജനികാന്ത്, ശരത് കുമാർ, ഖുശ്ബു സുന്ദർ, വെങ്കിടേഷ് ദഗ്ഗുബട്ടി, സ്നേഹ, പ്രഭുദേവ തുടങ്ങി നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തുകയും മീനയുടെ വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു.
ഫോട്ടോയ്‌ക്കൊപ്പം മീന കുറിച്ചതിങ്ങനെ:- ‘നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, പക്ഷേ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നു. ഞങ്ങളുടെ (പ്രത്യേകിച്ച് എന്റെ) ഹൃദയത്തിൽ എന്നുമുണ്ടാകും. സ്നേഹവും പ്രാർത്ഥനയും അയച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങൾക്ക് നന്ദി പറയാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് തീർച്ചയായും അവ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ഞങ്ങളെ വർഷിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിൽ വളരെ നന്ദിയുണ്ട്. ഞങ്ങൾ സ്നേഹം അനുഭവിക്കുന്നു’- മീനയുടെ വാക്കുകൾ.
അതേസമയം, ഭർത്താവിന്റെ വേർപാടിൽ ദുഃഖമുണ്ടെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭർത്താവിന്റെ വിയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം മീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രയാസകരമായ സമയങ്ങളിൽ തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്തവരോട് നന്ദി അറിയിക്കുകയും ചെയ്തു നടി. ‘തെരി’ എന്ന ചിത്രത്തിലൂടെ വിജയ്‌യുടെ മകളുടെ വേഷത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നൈനികയാണ് മീനയുടെയും വിദ്യസാഗറിന്റെയും മകൾ.
Story Highlights: meena actress loving note about husband vidyasagar after death thanking for support instagram post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here