ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകി; ഇന്റർപോൾ റിപ്പോർട്ട് ട്വന്റിഫോറിന്

മന്ത്രി ആൻറണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇൻറർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇൻറർപോൾ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ആൻറണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആൻറണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ഇൻറർപോൾ റിപ്പോർട്ട് 24ന് ലഭിച്ചു. ( antony raju interpol report )
അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ആൻറണി രാജുവും കോടതി ക്ലർക്കും ചേർന്ന് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആൻറണി രാജുവിനെ പ്രതിയാക്കിയുള്ള കേസ് ആദ്യം കേരള പൊലീസ് അട്ടിമറിച്ചെങ്കിലും കേസിന് വീണ്ടും ജീവൻ വെക്കാൻ കാരണം ഈ ഇൻറർപോൾ റിപ്പോർട്ടാണ്. ലഹരിക്കേസ് പ്രതി ആൻഡ്രൂ സാൽവദോർ സാർവലി ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ഓസ്‌ട്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന 1996 ജനുവരിയിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചു.
അതേസമയം ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. ഇൻറർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.
Story Highlights: antony raju interpol report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here