ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബാക്കപ്പ് വേദിയായി ബംഗ്ലാദേശും പരിഗണിച്ചിരുന്നെങ്കിലും യുഎഇയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ യോഗത്തിനു ശേഷമാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. (Asia Cup UAE Sourav Ganguly)
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടൂർണമെൻ്റ് നടത്താമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതെങ്കിലും രാജ്യത്തെ സാഹചര്യത്തിൽ സുഗമമായി ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിലപാടെടുക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഏഷ്യാ കപ്പ് വേദി ശ്രീലങ്കയിൽ നിന്ന് മാറ്റുന്നത്. സ്റ്റാൻഡ്‌ബൈ വേദിയായി ബംഗ്ലാദേശിനെയും പരിഗണിച്ചിരുന്നു.
Read Also: രാഷ്ട്രീയ പ്രതിസന്ധി; ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.
6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.
2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.
Story Highlights: Asia Cup UAE Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here