Advertisement

‘വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്’; കന്നി പ്രസംഗവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

July 25, 2022
2 minutes Read

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു. (Draupadi murmu first address as president of India)

ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കരുത്താകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ അഭിമാന നിമിഷമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.

Read Also: ഇത് ചരിത്ര നിമിഷം; ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു

താന്‍ രാഷ്ട്രപതിയായത് തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല മറിച്ച് സാധാരണക്കാരായ ഓരോരുത്തരുടേയും വിജയം കൂടിയാണിതെന്ന് ഉറച്ച ശബ്ദത്തില്‍ ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ കാലങ്ങളായി അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തന്നെ അവരുടെ പ്രതിഫലമായി കണ്ട് അഭിമാനിക്കുന്നതില്‍ തനിക്ക് നിറഞ്ഞ തൃപ്തിയുണ്ടെന്നും ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും ആദിവാസി, ദലിത് വിഭാഗങ്ങളുടേയും സ്വപ്‌നങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ നിമിഷമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു.

Story Highlights: Draupadi murmu first address as president of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top