Advertisement

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യം; ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

July 25, 2022
2 minutes Read
Free education for orphan students; Mammootty announced vidyamrutham 2

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക് പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.

എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

Read Also: ‘മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു’; ദേശീയ പുരസ്‌കാരങ്ങളില്‍ മമ്മൂട്ടി

വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പദ്ധതിയുടെ പ്രചാരണർത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനർ കാർഡിലുള്ള ക്യുആർ കോഡ് സ്മാർട്ട്‌ ഫോണിൽ സ്കാൻ ചെയ്താൽ ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കുന്നത് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ്.

എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാക്കുക. കൊവിഡിൽ മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവർക്കും പ്രകൃതി ക്ഷോഭത്തിൽ രക്ഷിതാക്കളിൽ ആരെങ്കിലും നഷ്ട്ടപ്പെട്ടവർക്കും പദ്ധതി പ്രയോജനപ്പെടും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വനവാസികൾക്കും പദ്ധതിയുടെ ​ഗുണം ലഭിക്കും.

Story Highlights: Free education for orphan students; Mammootty announced vidyamrutham 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top