എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ അനുവദിക്കില്ല; ടി.എൻ. പ്രതാപൻ

ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത് സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് എം.പി ടി.എൻ. പ്രതാപൻ. ജി.എസ്.ടിക്കെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്. എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവച്ച് കൊടുക്കില്ല. വൈകിട്ട് 7 മണിക്ക് പാർലമെന്ററി പാർട്ടി യോഗത്തിൽ സസ്പെൻഷനെതിരായ തുടർ നടപടി ചർച്ച ചെയ്യും. അഭിപ്രായപ്രകടനവും പ്രതിഷേധവും തുടരും. കോൺഗ്രസാണ് സർക്കാരിൻ്റെ മുഖ്യ ശത്രു. സസ്പെൻഡ് ചെയ്താൽ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് 24നോട് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കർ സസ്പൻഡ് ചെയ്തത്. മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നിവർക്കെതിരെയാണ് നടപടി.
Read Also: ലോക്സഭയിലെ 4 കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ
“ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ ചർച്ച ചെയ്യാൻ തയ്യാറല്ല. അരിയുൾപ്പെടെ പെൻസിൽ വരെ ദൈനം ദിനമായി ഉപയോഗിക്കുന്ന എല്ലാ അവശ്യ വസ്തുക്കൾക്കും വലിയ രീതിയിൽ ജിഎസ്ടി ചുമത്തിയിരിക്കുന്നു. അത് ചർച്ച ചെയ്യാൻ കുറേ ദിവസങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നു. അത് അവർക്ക് താത്പര്യമില്ല. മുദ്രാവാക്യം വിളിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പ്ലക്കാർഡ് പിടിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
എൻ്റെയൊക്കെ പാർലമെൻ്റ് മണ്ഡലത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോയി ആ കൂലി കൊണ്ട് കുടുംബം കൊണ്ടുപോകുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. അത് സഭയിൽ ഉന്നയിച്ചതിൻ്റെ പേരിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിച്ചു എന്ന കാരണം കൊണ്ട് ഞങ്ങളെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. അതൊന്ന് ചർച്ചക്കെടുക്കാൻ പോലും തയ്യാറാവുന്നില്ല. ഞങ്ങളൊന്നും ഞങ്ങളുടെ വീട്ടിലെ കാര്യമല്ല. ജനങ്ങളുടെ കാര്യമാണ് പറയുന്നത്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല.”- രമ്യ ഹരിദാസ് 24നോട് പറഞ്ഞു.
Story Highlights: Suspension of MPs; TN Prathapan with response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here