കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു

കർണാടകയിൽ ബിജെപി-യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബിജെപി യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബെല്ലാരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി നേതാവിന്റെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും, ഉടൻ നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
“ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള പാർട്ടി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത് അപലപനീയമാണ്. ഇത്തരമൊരു ഹീനകൃത്യത്തിൽ ഏർപ്പെട്ടവരെ ഉടൻ പിടികൂടുകയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യും. പ്രവീണിന്റെ ആത്മാവിന് ശാന്തി നേരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകട്ടെ. ഓം ശാന്തി” – ബൊമ്മൈ ട്വീറ്റ് ചെയ്തു.
Story Highlights: BJP Youth Leader In Karnataka Hacked To Death By Attackers On Bike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here