‘ബാലഭാസ്‌കറിന്റെ ഫോണുകളോ, സാമ്പത്തിക ഇടപാടുകളോ പരിശോധിച്ചിട്ടില്ല’; ആരോപണവുമായി പിതാവ്

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനപരിശോധനാ ഹർജി തള്ളിയതിനെതിരെ പിതാവ്. സിബിഐ അന്വേഷണത്തിൽ ആദ്യം മുതലേ തന്നെ പക്ഷംപിടിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് പിതാവ് പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം മാത്രമാണെന്ന് സിബിഐ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. ഫോണുകൾ, ലാക്കോറിന്റെ താക്കോൽ എന്നിവ പരിശോധിച്ചിട്ടില്ല. ഡിആർഐ പിടിച്ചെടുക്കുമ്പോൾ ഫോൺ മുഴുവനായി ഫോർമാറ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് പിതാവ് ആരോപിച്ചു. ( balabhaskar father against court verdict )
കേസിൽ അന്വേഷണം അട്ടിമറിക്കാൻ ആദ്യം മുതൽ തന്നെ ശ്രമം നടന്നിരുന്നുവെന്ന് പിതാവ് പറയുന്നു. സാമ്പത്തിക ഇടപാടുകൾ, ഫോൺ രേഖകൾ എന്നിവയിലൊന്നും അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.
ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി വിലയിരുത്തി അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹർജി തള്ളുന്നത് ഇന്ന് വൈകീട്ടോടെയാണ്. സിബിഐ റിപ്പോർട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.
സിബിഐ റിപ്പോർട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹർജി. കൂടാതെ കേസിൽ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കാൻ പുതിയ സിബിഐ സംഘത്തെ ഉൾപ്പെടുത്തണമെന്നും കുടുംബം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലെ അപകടമരണമാണെന്ന കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.
സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ പിതാവ് കെ.സി.ഉണ്ണി ഉറച്ചുനിൽക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുന്നത്. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: balabhaskar father against court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here