സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ? ഇപി ജയരാജനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം തികയവേ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു മാസം കൊണ്ട് സുകുമാരക്കുറുപ്പിനെ കിട്ടിയില്ലല്ലോ, അപ്പോൾ പിന്നെ എ.കെ.ജി സെന്റർ ആക്രമിച്ചയാളെ കിട്ടുമ്പോൾ പറയാം എന്ന തരത്തിലുള്ള പരിഹാസമാണ് ഇ.പി ജയരാജനെതിരെ രാഹുൽ ഉയർത്തുന്നത്. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്ന് സംശയിക്കേണ്ടിവരുമെന്നും കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐഎം അക്രമമഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു.
സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ, ഇല്ലല്ലോ. ന്നാ പിന്നെ കിട്ടിയോ കിട്ടിയോന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കണ്ട….കിട്ടുമ്പോൾ പറയാം. രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സി.പി.ഐ.എം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല.
Read Also: ‘എ.കെ.ജി സെന്റര്‍ അടിച്ചുതകര്‍ക്കും’; പ്രകോപന പ്രസംഗത്തില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കും
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.
പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി.പി.ഐ.എം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കണ്ടറിയാം.
Story Highlights: Rahul Mamkootathil’s facebook post against EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here