കരുവന്നൂർ ബാങ്ക് ക്രമക്കേട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും; സുരേഷ് ഗോപി

കരുവന്നൂർ ബാങ്ക് ക്രമക്കേട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേഷ് ഗോപി. കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകരുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. നിയമസഹായം ഉൽപ്പടെ ഉറപ്പാക്കാൻ ശ്രമിക്കും. ഇക്കാര്യങ്ങൾ അമിത് ഷായുമായി ചർച്ച ചെയ്യാനാണ് ശ്രമിക്കുന്നത്. തുടർന്ന് എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിക്കവേ മന്ത്രി ആർ. ബിന്ദുവിനോട് കുടുംബം അതൃപ്തി അറിയിച്ചു. ഫിലോമിനയുടെ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കുടുംബം മന്ത്രിയോട് അവരുടെ അതൃപ്തിയറിയിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നല്‍കിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. മന്ത്രിയുടേത് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
Read Also: ‘നന്ദന മോളെ തിരുവനന്തപുരത്ത് എത്തിക്കാമോ’; സഹായഹസ്‌തവുമായി സുരേഷ് ഗോപി
ഫിലോമിനയുടെ കുടുംബവുമായി സംസാരിച്ച ശേഷം പുറത്തേക്കുവന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്. മറ്റ്ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഖേദ പ്രകടനം നടത്തിയോ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. വി.എന്‍.വാസവന്‍, എം.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശങ്ങളിലും കുടുംബം അതൃപ്തി അറിയിച്ചു.
ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്നും മന്ത്രി ആർ ബിന്ദു നേരത്തേ പറഞ്ഞിരുന്നു. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.
Story Highlights: Karuvannur Bank Scam, Suresh Gopi visited the investors’ houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here