ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നു; ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28ന്

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ മത്സരക്രമം പുറത്തുവന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28ന് നടക്കും. ദുബായിലാണ് മത്സരം. ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ സെപ്തംബർ 11നാണ്. ശ്രീലങ്കയിൽ തീരുമാനിച്ചിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. (asia cup cricket fixture)
ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ക്വാളിഫയർ കളിച്ചെത്തുന്ന ടീമാണ് ഗ്രൂപ്പിലെ മൂന്നാമത്തെ അംഗം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ ഫോറിൽ പ്രവേശിക്കും. സൂപ്പർ ഫോറിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫൈനൽ കളിക്കും.
രണ്ട് ഗ്രൂപ്പുകളാണ് ആകെ ഉള്ളത്. രണ്ടാമത്തെ ഗ്രൂപ്പിൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന മറ്റൊരു ടീമും ഉണ്ടാവും. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ 13 മത്സരങ്ങളിൽ 10ഉം ദുബായിലാണ്. മൂന്ന് മത്സരങ്ങൾ ഷാർജയിൽ നടക്കും.
Read Also: ഏഷ്യാ കപ്പിലെ ഇന്ത്യൻ ടീം തന്നെ ലോകകപ്പിലും കളിച്ചേക്കുമെന്ന് റിപ്പോർട്ട്
ഏഷ്യാ കപ്പ് കളിക്കുന്ന അതേ ഇന്ത്യൻ ടീം തന്നെ ടി-20 ലോകകപ്പിലും കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പരുക്കോ മറ്റ് നിർബന്ധിത ഒഴിവാക്കലുകളോ ഉണ്ടായെങ്കിൽ മാത്രമേ ടീമിൽ മാറ്റങ്ങളുണ്ടാവൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ഏഷ്യാ കപ്പുകളിൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ അയച്ചിരുന്നത്. എന്നാൽ, ടി-20 ലോകകപ്പ് ടീം തന്നെ ഏഷ്യാ കപ്പ് കളിക്കുമെങ്കിൽ ആ പതിവ് അവസാനിക്കും. ഒന്നാം നിര ടീമിനെയാവും ഇന്ത്യ ഏഷ്യാ കപ്പിന് അയക്കുക.
2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.
Story Highlights: asia cup cricket fixture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here