Advertisement

പുതിയ ആൽബത്തിനായി ബിടിഎസ് വീണ്ടും ഒരുമിക്കുന്നു; പ്രതീക്ഷയോടെ ആരാധകർ…

August 3, 2022
2 minutes Read

ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബിടിഎസ്. ഇങ്ങ് ഇന്ത്യയിലും ബിടിഎസ് ആരാധകർ ഏറെയാണ്. അത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു എന്നത് മറ്റൊരു വസ്തുത. തങ്ങളുടെ സംഗീതത്തിന് ഒരു ലോകത്തെ മുഴുവൻ ചുവടുവെപ്പിച്ചവരാണ് ഇവർ. ഇവർ പിരിയുകയാണ് എന്ന വാർത്തയും അതിന് പിന്നിലെ വസ്തുതകളും ഏറെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആരാധകരെ മുഴുവൻ സന്തോഷിപ്പിക്കുന്ന വാർത്തയാണ് കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന് ഇപ്പോൾ പങ്കുവെക്കാനുള്ളത്.

ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായാണ് സംഘം വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായാണ് ബിടിഎസ് താരങ്ങൾ പാടുന്നത്. ഫുട്ബോൾ ഐക്കണ്‍ സ്റ്റീവ് ജെറാര്‍ഡ്, കൊറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, യുനെസ്‌കോ അംബാസഡര്‍ നാദിയ നാഡിം, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്‌കോട്ട്, പ്രശസ്ത ശില്‍പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി ചേർന്നാണ് ബിടിഎസ് തങ്ങളുടെ ഏറ്റവും പുതിയ ആല്‍ബവുമായി എത്തുന്നത്. ഈ വാർത്ത കേട്ട സന്തോഷത്തിലാണ് ആരാധകർ. സംഗീത ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവരുടെ പുതിയ ഗാനത്തിനായി.

ലോകകപ്പ് ഉദ്ഘാടന വേദിയിൽ ബിടിഎസ് താരങ്ങൾ അതിഥികൾ ആയി എത്തുമെന്ന പ്രതീക്ഷ കൂടി ഇതിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ ആൽബം എന്ന് പുറത്തിറങ്ങും തുടങ്ങിയ ഒരു കാര്യത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ കിട്ടിയില്ല. അടുത്തിടെ, വേള്‍ഡ് എക്സ്പോയുടെ അംബാസഡര്‍മാര്‍മാരായി ബിടിഎസിനെ പ്രഖ്യപിച്ചത് ആര്‍മി ഏറ്റെടുത്തിരുന്നു. ബിടിഎസിന്റെ വേർപിരിയൽ വാർത്തകളെ തുടർന്ന് തങ്ങൾ വേർപിരിയുകയല്ല, പകരം സോളോ ആല്‍ബങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജുങ്കുക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേള എടുക്കുന്നു എന്ന് മാത്രമാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും ഒപ്പം തന്നെ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ജുങ്കുക്ക് അറിയിച്ചു.

യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണ് ബിടിഎസ്. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിച്ചതിനൊപ്പം രാജ്യത്തിനു വലിയ വരുമാനവും നേടിക്കൊടുത്തു. ഇന്ത്യയിലുള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്ന്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അവര്‍ നടത്താറുണ്ട്.

Story Highlights: BTS to reportedly release the official song for world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top