നാഷണൽ ഹെറാൾഡ് കേസ്; വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്തിരുന്നു. ഹെറാൾഡ് ഹൗസിന്റെ പരിസരത്ത് തന്നെയാണ് ഈ ഓഫീസ്. ഇഡി നടപടിക്ക് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്ത് വൻ പ്രതിഷേധം അരങ്ങേറി. തുടർന്നാണ് പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചത്. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് നടത്താനിരിക്കുന്ന പ്രതിഷേധത്തെ തടയാനാണ് നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
Read Also: നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
“ഡൽഹി പൊലീസ് ഞങ്ങളുടെ ആസ്ഥാനങ്ങളും കോൺഗ്സ് പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വീടുകളും വളഞ്ഞു, മോദി സർക്കാരിന്റെ അനീതികൾക്കും പരാജയങ്ങൾക്കും എതിരെ ശബ്ദിക്കുക!”. മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. കൂടുതൽ മുതിർന്ന നേതാക്കളെല്ലാം കോൺഗ്രസ് ആസ്ഥാനത്ത് എത്തുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്താനിരിക്കുന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.
നേരത്തെ പാഞ്ച്കൂളയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ 64 കോടിയോളം രൂപയുടെ വസ്തു വകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളുടെ ഭാഗമായാണ് ഇന്നലെയും ഡല്‍ഹിയിലെ ആസ്ഥാനത്തടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ്ത്.
Story Highlights: National Herald case; Rahul Gandhi reached Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here