Advertisement

രാത്രികാലങ്ങളില്‍ ജോലി ചെയ്ത് പഠിച്ചു; മൂന്ന് തവണ ഐഎഎസിന് തോല്‍വി; ജീവിതം പറഞ്ഞ് ആലപ്പുഴയിലെ ‘കളക്ടര്‍ മാമന്‍’

August 5, 2022
2 minutes Read
alappuzha collector krishna theja viral speech

സ്ഥാനമേറ്റെടുത്ത് ഏറെ വൈകാതെ തന്നെ വൈറലായ കളക്ടറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ചാര്‍ജെടുത്ത ആദ്യം ദിവസം തന്നെ, മഴമൂലം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്‌ററിലൂടെയാണ് കൃഷ്ണ തേജ ജനങ്ങളെ കയ്യിലെടുത്തത്. പിന്നെ അടുത്ത ദിവസം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട കളക്ടര്‍ മാമനായി.( alappuzha collector krishna theja viral speech )

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് താന്‍ പഠനം പൂര്‍ത്തിയാക്കിയതെന്നും ഹൈസ്‌കൂള്‍ കാലത്ത് രാത്രി ജോലികള്‍ ചെയ്താണ് പഠനത്തിന് ചിലവ് കണ്ടെത്തിയിരുന്നതെന്നുമടക്കം തന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ കുറിച്ച് ഓര്‍മ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ കൃഷ്ണ തേജ. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് കളക്ടര്‍ മാമന്റെ കുട്ടികളോട് തന്റെ ജീവിതകഥ പറയുന്നത്.

‘ഏഴാം ക്ലാസ് വരെ ഞാനൊരു ആവറേജ് സ്റ്റുഡന്റായിരുന്നു. എട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായി. പല ബന്ധുക്കളും എന്റെ പഠനം നിര്‍ത്താനും ഏതെങ്കിലും കടയിലോ മറ്റോ ജോലിക്ക് പോകാനോ പറഞ്ഞു. അങ്ങനെ ഒരു ദിവസം അയല്‍വാസിയായ ഒരാള്‍ എന്റെ പഠനച്ചിലവ് ഏറ്റെടുക്കാമെന്ന് വീട്ടുകാരോട് പറഞ്ഞു. പക്ഷേ എന്റെ അമ്മയ്ക്ക് സൗജന്യമായി അങ്ങനെ ഒന്നും തന്നെ സ്വീകരിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

അങ്ങനെ അമ്മയുടെ വാക്കുകള്‍ കേട്ട് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്നു മുതല്‍ ഞാന്‍ നന്നായി പഠിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് പത്തില്‍ ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ കിട്ടി. എഞ്ചിനീയറിങ് പഠനശേഷം ഐബിഎമ്മില്‍ ജോലി. ഡല്‍ഹിയില്‍ ജോലിചെയ്യുമ്പോള്‍ കൂടി താമസിക്കുന്നയാള്‍ക്ക് ഐഎഎസ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ താമസസ്ഥലത്തുനിന്ന് ഐഎഎസ് കോച്ചിങ് സ്ഥലത്തേക്ക് 30 കിമീ. ദൂരമുണ്ട്. കൂടെയളഌയാള്‍ക്ക് എന്നും കോച്ചിങിന് പോയിവരാന്‍ ഒരു കൂട്ട് വേണം. അങ്ങനെയാണ് നിര്‍ബന്ധിച്ച് എന്നെയും അവിടെ ചേര്‍ക്കുന്നത്.

Read Also: നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ; കുട്ടികളോട് ആലപ്പുഴ കളക്‌ടർ

കോച്ചിങിന് ചേര്‍ന്നപ്പോള്‍ മനസിലായി ഐഎഎസ് ഒരു ജോലി മാത്രമല്ല, സേവനമാണെന്ന്. ആദ്യ ശ്രമത്തില്‍ പരാജമായിരുന്നു ഫലം. ജോലി ചെയ്ത് പഠിക്കാന്‍ പറ്റില്ലെന്ന് മനസിലായപ്പോള്‍ ജോലി ഉപേക്ഷിച്ചു. ദിവസം 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു.രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയമായിരുന്നു ഫലം. അങ്ങനെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ചില സുഹൃത്തുക്കള്‍ എന്തുകൊണ്ടാണ് തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നും ഐഎഎസ് കിട്ടാത്തതെന്താണെന്നും ചോദിച്ചു. മൂന്നു കാരണങ്ങളാണ് അവരെന്നോട് പറഞ്ഞത്. എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്കെങ്കിലും കിട്ടണം. എന്റെ കയ്യക്ഷരം വളരെ മോശമാണ്. പോയിന്റു മാത്രം എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം.അങ്ങനെ…

അവരിതൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായ കാര്യം ഇതാണ്; നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കുക. കയ്യക്ഷരമുള്‍പ്പെടെയുള്ള എന്റെ പോരായ്മകള്‍ ഞാന്‍ പരിഹരിച്ച് തുടങ്ങി. അതിനായി പരിശ്രമിച്ചു. ഒടുവില്‍ നാലാം തവണ പ്രിലിമിനറിയും മെയിനും ഇന്റര്‍വ്യൂവും പാസായി. 66ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി…

Story Highlights: alappuzha collector krishna theja viral speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top