സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ( kerala 5 districts orange alert )
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനനിർദേശമുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. അതേസമയം ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ പൂർണമായും എല്ലാ വിദ്യാഭാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും മലപ്പുറത്ത് നിലമ്പൂർ, ഏറനാട് താലൂക്കുകളിലും അവധിയാണ്. എംജി യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.
Story Highlights: kerala 5 districts orange alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here