മഞ്ഞക്കോടിയും ഓണവും: പ്രതീക്ഷയിൽ നെയ്ത്തുകാരും കച്ചവടക്കാരും

ഓണക്കോടി പോലെ തന്നെ പ്രധാനമാണ് ഓണത്തിന് മഞ്ഞക്കോടിയും. തിരുവോണ ദിവസം പുതു വസ്ത്രങ്ങൾക്കൊപ്പം മഞ്ഞക്കോടിയും നൽകുന്ന പതിവ് കാലങ്ങളായി മലയാളികൾ പിന്തുടർന്നു വരുന്നതാണ്. അതുകൊണ്ടു തന്നെ ഓണവിപണിയില്‍ മുന്തിയ പരിഗണനയാണ് മഞ്ഞപ്പുടവകള്‍ക്ക്. കൊവിഡ് കാലത്ത് നിറം മങ്ങിയ മഞ്ഞക്കോടി കച്ചവടത്തിന് ഇത്തവണ പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുകാരും കച്ചവടക്കാരും.
ഓണ നാളുകളില്‍ പൊന്നോണപ്പുടവ പോലെ പ്രധാനിയാണ് മഞ്ഞക്കോടി. കുഞ്ഞുങ്ങളെ കോടിയുടുപ്പിക്കാനും നിറദീപങ്ങൾക്കൊപ്പം വയ്ക്കാനും മഞ്ഞക്കോടി കൂടിയേ തീരൂ. ഓണനാളില്‍ വാഹനങ്ങൾ അലങ്കരിക്കാനും വേർപിരിഞ്ഞുപോയവരുടെ ചിത്രങ്ങളിൽ ചാർത്താനും കച്ചവടസ്ഥാപനങ്ങളിലും തൊഴിൽശാലകളിലും നിലവിളക്കിനോടൊപ്പം ചാർത്താനുമെല്ലാം ഉപയോഗിക്കുന്ന മഞ്ഞക്കോടിക്ക് അത്രമേലുണ്ട് മാഹാത്മ്യം. ഓണം അടുക്കുന്നതോടെ തുണിക്കടകളിൽ മാത്രമല്ല തെരുവോരങ്ങളിലും ഇത് സുലഭമായി ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ ഏറെയെയിരുന്നു.
പൊന്നോണമെന്നാല്‍ അത് പൊന്നിന്‍ നിറമുളള മഞ്ഞക്കോടി കൂടിയാണ്. ഓണത്തെ വരവേല്‍ക്കാന്‍ മാസങ്ങള്‍ക്ക് മുന്നേ തന്നെ കുഴിത്തറികളില്‍ മഞ്ഞനെയ്ത്തിന് തുടക്കം കുറിക്കും. 69 കാരനായ രാമചന്ദ്രന്‍ പത്താമത്തെ വയസ്സില്‍ തുടങ്ങിയതാണ് മഞ്ഞക്കോടി നെയ്ത്ത്. മഞ്ഞക്കോടിക്കൊപ്പം ഈ പഞ്ഞമാസത്തില്‍ ഇവർ നെയ്തെടുക്കുന്നത് പുത്തന്‍ പ്രതീക്ഷകള്‍ കൂടിയാണ്. ഓണത്തിന് നിറം പകരുന്ന ഈ മഞ്ഞപ്പുടവയുടെ സൃഷ്ടിക്ക് പിന്നിലെ അധ്വാനം ചെറുതൊന്നുമല്ല.
പാരമ്പര്യ നെയ്ത്തുകാരായ സ്ത്രീകളാണ് മഞ്ഞ മുണ്ട് നിർമിക്കുന്നവരിൽ അധികവും. പ്രത്യേകം തയ്യാറാക്കിയ വെള്ള കഴിനൂൽ മഞ്ഞ നിറവും പശയും ചേർത്ത് ഉണക്കിയെടുത്താണ് മഞ്ഞപ്പുടവയുടെ ഊടും പാവുമായി ഉപയോഗിക്കുന്നത്. വെള്ള കഴി നൂൽ വാങ്ങി ഒരു ദിവസം ചവിട്ടി നനച്ചിടണം. പിറ്റേദിവസം മഞ്ഞൾപ്പൊടിയും അൽപം പശയും ചേർത്ത് കലക്കി നൂലിൽ മുക്കി വയ്ക്കും.
ഈ നൂലിനെ അടുത്ത ദിവസം അരടിൽ ഇട്ട് താരാക്കി ചുറ്റിയെടുത്ത് റാട്ടിൽ ഓടിച്ച് പാവാക്കിയെടുക്കും. ഈ പാവിനെ പാക്കളത്തിൽ നിവർത്തിക്കെട്ടി പേരിന് എണ്ണ തടവി തണലിൽ ഉണക്കിയെടുത്ത് റോളറിൽ ചുറ്റിയെടുക്കും. നെയ്ത്തിന് ഉപയോഗിക്കുന്ന ഊടിനും പാവിനും ഒരേ നൂൽ തന്നെയാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഓണനാളുകൾ കഴിയുന്നതോടെ ഈ സീസണിൽ മാത്രം നെയ്യുന്ന മഞ്ഞനെയ്ത്തുകാർക്ക് നഷ്ടക്കണക്കിന്റെ ഊടും പാവും മാത്രമാണ് മിച്ചം.
Story Highlights: Manjakodi and Onam: Weavers and Traders in Hope
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here