ഐ.ജി ജി. ലക്ഷ്മണയ്ക്ക് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയെങ്കിലും കാര്യമില്ല; സസ്പെൻഷൻ പിൻവലിക്കില്ല

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസിൽ ഐ.ജി. ജി. ലക്ഷ്മണയ്ക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയപ്പോഴും അദ്ദേഹത്തിന്റെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി. ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ ഇനിയും നീട്ടണമെന്ന് റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. മോൻസൻ മാവുങ്കലുമായി വഴിവിട്ട ബന്ധം പുലർത്തിയതിനാണ് ഐ.ജിയെ സസ്പെൻഡ് ചെയ്തത്. ( Monson Mavunkal case; IG G Lakshman suspended for three months )
ഇതുമായി ബന്ധപ്പെട്ട് ഐ.ജി. ജി. ലക്ഷ്മണ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളിൽ ഐ.ജി. ജി. ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ, സിഐ എ. അനന്തലാൽ, എസ്ഐ എ.ബി. വിബിൻ, മുൻ സിഐ പി.ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ തട്ടിപ്പുകേസിൽ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല.
Read Also: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്
അനന്തലാലും, വിബിനും മോൻസൻ മാവുങ്കലിൽ നിന്ന് കടം വാങ്ങുകയായിരുന്നു. മോൻസൻ മാവുങ്കലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പട്രോളിംഗിന്റെ ഭാഗമായി വീടിന് മുന്നിൽ പോയിന്റ് ബുക്ക് വച്ചത്. പ്രത്യേക പൊലീസ് സുരക്ഷ നൽകിയിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ തട്ടിപ്പു കേസിൽ ഐ.ജി. ജി. ലക്ഷ്മൺ ഇടപെടാൻ ശ്രമിച്ചുവെന്നത് വസ്തുതയാണ്. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
Story Highlights: Monson Mavunkal case; IG G Lakshman suspended for three months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here