ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി, സിനിമ ബഹിഷ്കരിക്കാൻ തീരുമാനിച്ച സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്: ബിന്ദു കൃഷ്ണ

ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ.(bindu krishna against pwd and support kunchako movie)
റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തീയറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കളക്ട്രേറ്റിന് ചുറ്റിനും, കൊല്ലം കോർപ്പറേഷന് മുന്നിലും കുഴികളുടെ ഘോഷയാത്രയാണെന്ന് ബിന്ദു കൃഷ്ണ കുറിച്ചു. പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും, വർഷങ്ങളുമൊക്കെ പിന്നിടുകയാണ്.
ചിത്രം പ്രദർശിപ്പിക്കുന്ന രണ്ട് തിയേറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട്. കൂടാതെ, മഴകൂടിയായിക്കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനമെന്ന് ബിന്ദു കൃഷണ ഫേസ്ബുക്കിൽ കുറിച്ചു.
ബിന്ദു കൃഷണ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കൊല്ലത്ത് രണ്ട് തിയേറ്ററുകളിലാണ് ന്നാ താൻ കേസ് കൊട് ചലച്ചിത്രം പ്രദർശനം നടത്തുന്നത് എന്നാണ് അറിയുന്നത്.
കടപ്പാക്കട ധന്യാ തിയേറ്ററിലും, ബസ് സ്റ്റാൻഡിന് സമീപം ആർ.പി മാളിലെ കാർണിവലിലും.
കൊല്ലം ഡിസിസി ഓഫീസ് മന്ദിരത്തിൽ നിന്നും ഈ രണ്ട് തിയേറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട് എന്ന് മാത്രമല്ല, മഴകൂടിയായിക്കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശ്ശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനം.
റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തിയേറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കളക്ട്രേറ്റിന് ചുറ്റിനും, കൊല്ലം കോർപ്പറേഷന് മുന്നിലും കുഴികളുടെ ഘോഷയാത്രയാണ്. എന്തിന് ഏറെ പറയുന്നു പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും, വർഷങ്ങളുമൊക്കെ പിന്നിടുകയാണ്.
ഇത് കൊല്ലം നഗരത്തിലെ യാഥാർത്ഥ കാഴ്ചയാണ്. ഓരോ പൗരനും കണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ദൈനം ദിനം ഇവിടെയെല്ലാം നടക്കുന്ന അപകടങ്ങൾക്ക് കണക്കുമില്ല. ഈ റോഡുകളിൽക്കൂടി കാൽനട യാത്ര ചെയ്യാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇത് കൊല്ലം പട്ടണത്തിലെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തുടനീളമുള്ള ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി വരെ ഈ വിഷയത്തിൽ വിമർശനം നടത്തിയിട്ടുള്ളതുമാണ്.
ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത്.
അതോ സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ…?
Story Highlights: bindu krishna against pwd and support kunchako movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here