സഖാക്കളുടെ പണിയെടുക്കുന്നവരെ കാക്കിയണിയിച്ച് കോൺഗ്രസിനെ വേട്ടയാടുന്നു; ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ ഒത്താശയോടെ സി.പി.ഐ.എം വേട്ടയാടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. സഖാക്കളുടെ പണിയെടുക്കുന്ന ആളുകളെ കാക്കിയണിയിച്ച് സർക്കാർ ശമ്പളം കൊടുക്കുകയാണ്. കോട്ടയം തൃക്കൊടിത്താനത്ത് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ കൂട്ട് നിന്നത് പൊലീസാണ്. എസ്പി ഓഫീസിലടക്കം അക്രമണത്തിന് സാധ്യത ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും സുരക്ഷ നൽകിയില്ല. സി.പി.ഐ.എം നിർദ്ദേശത്തിന് അനുസരിച്ചാണ് കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നത്. 308 പ്രകാരം കേസെടുക്കാൻ പോലും പൊലീസ് തയ്യാറാകാത്ത അവസ്ഥയാണ്. ( Shafi Parambil criticizes CPIM )
ഇടത്പക്ഷ സർക്കാരിനെ കീഴിൽ പൊലീസ് ക്വട്ടേഷൻ സംഘമായി മാറിയിരിക്കുന്നു. അക്രമത്തിന് കൂട്ട് നിന്ന പൊലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. അക്രമം നടത്തിയ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണം. സിനിമാ പോസ്റ്ററിലെ പരസ്യം പോലും സി.പി.ഐ.എമ്മിന് അംഗീകരിക്കാൻ കഴിയുന്നില്ല. കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ.
Read Also: കെ.എസ്. ശബരീനാഥന്റേത് വ്യാജ അറസ്റ്റാണെന്ന് യൂത്ത് കോൺഗ്രസ്
കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് വീടു കയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിപിഐഎം തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പർ ബൈജു വിജയനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. മനുകുമാറിന്റെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി ഇരുവരെയും കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആറ് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഭവനഭേദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അതിർത്തി തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. എന്നാൽ മണികണ്ഠ വയൽ സിപിഐഎം ശക്തി കേന്ദ്രമാണെന്നും ഇവിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുതുതായി യൂണിറ്റ് തുടങ്ങി ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ ആകർഷിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
Story Highlights: Shafi Parambil criticizes CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here