കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഇഡിക്കും സിബിഐക്കും എതിരെ ജില്ലാ തലത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. പത്ത് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അനുബ്രത മോണ്ടലിനെ കൊൽക്കത്ത സിബിഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.
പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികൾ തുടർച്ചയായി തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ നീക്കം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജൻസികൾക്കെതിരെ ഇന്നും നാളെയും തൃണമൂൽ കോൺഗ്രസ് ജില്ലാതലത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്ര ഏജൻസികളുടെ നടപടികളെ ബിജെപി രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
സിബിഐ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ച അനുബ്രത മോണ്ടലിനെതിരെ ബിജെപി പ്രവർത്തകർ ചെരിപ്പേറ് നടത്തിയിരുന്നു. 10 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച മോണ്ടലിനെ, കൊൽക്കത്ത നിസാം പാലസിലെ ഓഫീസിൽ എത്തിച്ച സിബിഐ ചോദ്യം ചെയ്യൽ ആരംഭിച്ചു.
കന്നുകാലി കള്ളക്കടത്ത് കേസിൽ, 2019ൽ സിബിഐ അനുബ്രത മോണ്ടലിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് അയച്ച 10 സമൻസുകളും മോണ്ടൽ അവഗണിച്ചത്തോടെയാണ് വീട്ടിൽ എത്തി സിബിഐ അറസ്റ്റ് ചെയ്തത്.
Story Highlights: tmc ed cbi bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here