ഈ സ്‌നേഹം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് കൂടുതല്‍ കരുത്തേകുന്നു; മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് വിനയന്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.(vinayan thanks to mammootty and mohanlal in pathombatham noottandu movie)
ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശബ്ദം നല്‍കുന്നത് മോഹന്‍ലാലാണ്. കാലഘട്ടത്തെ കുറിച്ചുള്ള വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയുമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതേക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്‌റ്‌റിലൂടെ ഇരുനടന്മാര്‍ക്കും നന്ദി അറിയിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഇരുവരുടെയും സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദിയെന്ന് വിനയന്‍ പറഞ്ഞു.
യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നതെന്ന് വിനയന്‍ കുറിപ്പില്‍ പറഞ്ഞു. ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വിനയന്റെ കുറിപ്പ്;
‘ഈ സ്‌നേഹം ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹന്‍ ലാലും എന്റെ പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിന് ശബ്ദം നല്‍കിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ സംഘര്‍ഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മുക്ക നല്‍കുന്നു..
സിജു വിത്സണ്‍ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതല്‍ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകള്‍. മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകള്‍ക്കോ, അഭിപ്രായങ്ങള്‍ക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്‍മാരായ ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാന്‍ അര്‍പ്പിക്കട്ടെ.
മമ്മുക്കയും ലാലും ഡബ്ബിംഗ് തീയറ്ററില്‍ വന്ന ശേഷമാണ് നിര്‍മ്മാതാവ് ഗോപാലേട്ടനോട് ഞാന്‍ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മലയാള സിനിമയില്‍ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. ഇതു വായിക്കുമ്പോള്‍ അവര്‍ക്കു സ്വയം മനസ്സിലാകുമല്ലോ?
എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്‌നേഹമേയുള്ളു. പത്തു വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്.. ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയില്‍ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകള്‍ ചെയ്തു തീയറ്ററില്‍ എത്തിച്ചു.. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയന്‍ എന്ന സംവിധായകന്‍ ഇന്നു സിനിമയിലേ കാണില്ലായിരുന്നു..
കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ.. ഈ പുത്തന്‍ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങള്‍ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ വെറുപ്പിന്റെയും അസൂയയുടെയും ഹോര്‍മോണുകള്‍ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കു ശ്രമിച്ചു നോക്കാം.. അതില്‍ എന്നെക്കാള്‍ കൂടുതല്‍ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളില്‍ പലരും..
യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്, ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. സെപ്തംബര്‍ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’.
സെപ്തംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. സംവിധായകന്‍ വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.
Read Also: പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ രാജന്‍ ഫിലിപ്പ്. പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.
Story Highlights: vinayan thanks to mammootty and mohanlal in pathombatham noottandu movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here